തൃശൂര്‍: പൂങ്കുന്നം പുഷ്പഗിരി അഗ്രഹാരത്തില്‍ നവരാത്രിയാഘോഷനിറവില്‍ സമൂഹബൊമ്മക്കൊലു ഒരുങ്ങി. പുരാണ, ഇതിഹാസ സന്ദേശങ്ങള്‍
ഭക്തമനസ്സുകളില്‍ എത്തിക്കുന്നതിനായി 25 വര്‍ഷം മുന്‍പാണ് സമൂഹബൊമ്മക്കൊലു തുടങ്ങിയത്.
പുഷ്പഗിരിയില്‍ സമൂഹ ബൊമ്മക്കൊലു പ്രദര്‍ശനം വിജയദശമി വരെ തുടരും. വൈകീട്ട് 5.30 മുതല്‍ രാത്രി 8 മണി വരെയാണ് പ്രദര്‍ശന സമയം. ദീപാലംകൃതമായ പല പടികളുള്ള റാക്കില്‍ പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും അനശ്വര മുഹൂര്‍ത്തങ്ങളും അവതാരങ്ങളും പുണ്യ പുരുഷന്മാരുമാണ് ബൊമ്മകളില്‍ പുനര്‍ജ്ജനിച്ചത്.
നവരാത്രിദിനങ്ങളിലെ ദീപദീപ്ത സന്ധ്യകളില്‍ സമൂഹബൊമ്മക്കൊലു ഭക്തിനിര്‍ഭരമായൊരു കാഴ്ചയാണ്. ഈവര്‍ഷം ഒട്ടേറെ പുതുമകളോടെയാണ് പുഷ്പഗിരിയില്‍ ബൊമ്മക്കൊലു ഒരുക്കിയിട്ടുള്ളത്.
നവരാത്രിയാഘോഷത്തിന്റെ ഭാഗമായി ദീപപ്രഭ ചൊരിയുന്ന അഗ്രഹാരവീഥികളില്‍ സമൂഹ ബൊമ്മക്കൊലു ദര്‍ശിക്കാന്‍ വന്‍ഭക്തജനത്തിരക്ക് പതിവാണ്.
സ്കൂളുകളില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും ബൊമ്മക്കൊലുസന്ദർശിക്കാൻ എത്താറുണ്ട്.