ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം;
പിഞ്ചുകുഞ്ഞിനോട് ചെയ്ത കൊടുംക്രൂരതയ്ക്ക് ശിശുദിനത്തില്‍ ന്യായവിധി
അസ്ഫാകിന് തൂക്കുകയര്‍
കൊച്ചി: അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ കോണില്‍വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിയ്ക്ക് തൂക്കുകയര്‍ തന്നെ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. 13 വകുപ്പുകളില്‍ അസ്ഫാക് ആലം കുറ്റക്കാരനെന്ന് എറണാകുളം പോക്‌സോ കോടതി കണ്ടെത്തിയിരുന്നു.
50 ഓളം സിസി ടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം. ബലാത്സംഗക്കേസില്‍ പ്രതി മുമ്പും ജയിലില്‍ കിടന്നിട്ടുണ്ട്. ഇതടക്കം എല്ലാം പരിശോധിച്ചായിരുന്നു പോക്‌സോ കോടതി ജഡ്ജി കെ.എ.സോമന്‍ വിധി പ്രഖ്യാപിച്ചത്.
കൊലപാതകം, 12 വയസില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യല്‍ അടക്കം നാലുകുറ്റങ്ങള്‍ക്ക് പരമാവധി വധശിക്ഷ വരെ നല്‍കാന്‍ കഴിയും. പ്രതിയായ അസ്ഫാക് ആലത്തിന് മനഃസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അര്‍ഹനാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു. എന്നാല്‍, പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസ്ഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന ബനിയന്‍ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയിലകള്‍ക്കുള്ളില്‍ മൂടി. പ്രതിയെ അന്ന് തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.