കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സി.പി.ഐ നേതാവും, ബാങ്ക് മുന്‍ പ്രസിഡണ്ടുമായ എന്‍. ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്‍. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത്, കണ്ടല സഹകരണ ബാങ്ക് സെക്രട്ടറി ബൈജു എന്നിവരെയാണ് ഇ.ഡി ചോദ്യം ചെയ്തത്. മൂന്നാം തവണയായുള്ള ഇ.ഡി ചോദ്യം ചെയ്യലിനൊടുവിലാണ് ഭാസുരാംഗന്റെ അറസ്റ്റ്.
ഇവരുടെ മൊഴികള്‍ തമ്മില്‍ വലിയ പൊരുത്തക്കേടുണ്ടെന്നാണ് ഇ.ഡി. അധികൃതര്‍ പറയുന്നത്. 100 കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. ഓഡിറ്റ് നടത്തിയതില്‍ വലിയ ക്രമക്കേടുകള്‍ വ്യക്തമാണ്. ഇരുവരുടേയും പേരിലുള്ള സ്വത്തുക്കളുടെ സ്രോതസ്സ് വ്യക്തമല്ലെന്നും ഇ.ഡി അറിയിച്ചു.
ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കും. പിന്നാലെ, ഭാസുരാംഗനെ കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം വിശദമായി ചോദ്യം ചെയ്യും.