ന്യൂഡല്‍ഹി: മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് വീണ്ടും ഒറ്റപ്പെടുന്നു. പുനഃസംഘടനയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സുധാകരന്റെ വാദം ഹൈക്കമാന്‍ഡ് തള്ളി. മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചതായി ഹൈക്കമാന്‍ഡ് അറിയിച്ചു.
സംസ്ഥാന നേതാക്കളെ കേട്ട ശേഷമാണ് ദീപാദാസ് മുന്‍ഷി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സുധാകരന് സജീവമല്ലെന്നും അനാരോഗ്യം ഉണ്ടെന്നും ദീപയെ അറിയിച്ചത് സംസ്ഥാന നേതാക്കളായിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് മാറ്റം വേണമെന്നും കേരള നേതാക്കള്‍ അറിയിച്ചു.
കെപിസിസി നേതൃമാറ്റത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന് രംഗത്തെത്തിയിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതില്‍ കടുത്ത നിരാശയുണ്ടെന്നും നീക്കത്തിന് പിന്നില്‍ ചില നേതാക്കളുടെ സ്വാര്‍ഥ താല്പര്യമാണെന്നും സുധാകരന് പ്രതികരിച്ചു. തെളിവില്ലാതെ ഒരാളുടെ പേര് പറയുന്നത് ശരിയല്ല.
നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കിയെന്നും കെ സുധാകരന് പറഞ്ഞു.എഐസിസി കേരളത്തിന്റെ മുഴുവന്‍ ചുമതലയും തന്നെ ഏല്‍പ്പിക്കുന്നതായാണ് വിവരം ലഭിച്ചത്. പിന്നെ എന്തിനാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയതെന്ന് അറിയില്ല. അങ്ങനെ മാറ്റേണ്ടതുണ്ടായിരുന്നോ എന്ന് കെ സുധാകരന് ആരാഞ്ഞു.
രാഹുലും ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചയില്‍ നേതൃമാറ്റം ചര്‍ച്ചയായിട്ടില്ല. തന്നെ മാറ്റിയതിന് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ വക്ര ബുദ്ധിയാണ്. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് തന്റെ നേതൃത്വം ആവശ്യമായിരുന്നു എന്നും സുധാകരന് വിമര്‍ശിച്ചു.