തൃശ്ശൂര്‍: പൂരനഗരിയ്ക്ക് പ്രൗഢിയായി പാറമേക്കാവ് ദേവസ്വത്തിന്റെ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള കണ്വെന്ഷന് സെന്റര്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു. പാറമേക്കാവ് ക്ഷേത്രസവിധത്തിലുള്ള പഴയ പുഷ്പാഞ്ജലി, രോഹിണി മണ്ഡപങ്ങള്‍ ഒന്നരവര്‍ഷം മുന്‍പാണ് പൊളിച്ചുകളഞ്ഞത്. 50 കോടിയോളം രൂപ ചെലവിലാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കണ്വെന്ഷന് സെന്‍ന്റര്‍ പണിതതെന്ന് ദേവസ്വം പ്രസിഡന്റ് ഡോ. എം. ബാലഗോപാലും സെക്രട്ടറി ജി. രാജേഷും പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ മേയര്‍ ഡോ. നിജി ജസ്റ്റിന് അധ്യക്ഷയായി. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തി.ഉദ്ഘാടനച്ചടങ്ങിനുശേഷം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടുവ രെ സ്നേഹവിരുന്നുണ്ടായിരുന്നു. വൈകീട്ട് 6.30-ന് പുഷ്പാഞ്ജലി ഓഡിറ്റോറിയ ത്തില്‍ പാലക്കാട് ഭൈരവി ഭജന്‍സിന്റെ ഭജന്‍ സന്ധ്യയുമുണ്ടാകും.പൂര്‍ണമായും ശീതീകരിച്ച ഓഡിറ്റോറിയങ്ങള്‍ വിവാഹം, മെഡിക്കല്‍ക്യാമ്പുകള്‍, ആധ്യാത്മിക ക്ലാസുകള്‍, സാംസ്കാരിക സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കാം. ഒരു ലക്ഷത്തില്‍പ്പരം ചതുരശ്രയടിയുള്ള കണ്വെന്ഷന് സെന്ററിന്റെ നിര്‍മാണം 14 മാസങ്ങള്‍ക്കുള്ളിലാണ് പൂര്‍ത്തിയാക്കിയത്. 1,200-ഓളം ഇരിപ്പിടങ്ങളുള്ള ‘പുഷ്പാഞ്ജലി’യാണ് പ്രധാന ഓഡിറ്റോറിയം. അനുബന്ധിച്ചുള്ള ഭക്ഷണശാലയില്‍ ഒരേ സമയം 300 പേര്‍ക്ക് ഇരിക്കാം. 85 അടിയോളം നീളമുള്ള വേദിയും പ്രത്യേകതയാണ്.
പൂരനഗരിയ്ക്ക് പാറമേക്കാവിന്റെ തിരുമുല്ക്കാഴ്ച, കണ്വെന്ഷന് സെന്റര്‍ സജ്ജമായി










