തൃശ്ശൂര്‍: സൗദി അറേബ്യയില്‍ തൃശ്ശൂര്‍ സ്വദേശി അടക്കം എട്ട് ഇന്ത്യക്കാര്‍ വധശിക്ഷ ഭീഷണിയില്‍. തൃശ്ശൂര്‍ കൊച്ചന്നൂര്‍ സ്വദേശി ഉമര്‍ ഷരീഫും പശ്ചിമബംഗാള്‍ സ്വദേശികളായ ഏഴ് പേരുമാണ് സൗദിയില്‍ കുടുങ്ങിയിട്ടുള്ളത്. ലഹരി കടത്തിന് ജിദ്ദ എയര്‍പോര്‍ട്ടില്‍ പിടിയിലാകുകയായിരുന്നു. ഷെരീഫ് കബളിപ്പിക്കപ്പെട്ടതെന്നാണ് കുടുംബം പറയുന്നത്. ജോലി വാഗ്ദാനം ചെയ്ത് നാട്ടുകാരനായ ആഷിഖാണ് ഷെരീഫിനെ സൗദിയിലേക്ക് അയച്ചത്. ഒപ്പം പലസ്തീനിലെയും സുഡാനിലെയും കുട്ടികള്‍ക്കുള്ള സഹായങ്ങള്‍ എന്ന പേരില്‍ ലഹരി കൊടുത്തയക്കുകയായിരുന്നെന്നും കുടുംബം ആരോപിക്കുന്നു.
ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് ലഹരി മരുന്നുകളുമായി പിടിയിലായ എട്ടംഗ സംഘം രണ്ടു മാസമായി ജയിലില്‍ കഴിയുകയാണ്. കനത്ത പിഴ ചുമത്തുന്നതിനൊപ്പം പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചതോടെ ഇരകളാക്കപ്പെട്ടവരുടെ ബന്ധുക്കള്‍ ആശങ്കയിലാണ്.







