തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യ ചെയ്ത ലീ സീ ബിന്നുമായി അടുപ്പമുണ്ടായിരുന്ന വി ഒ സാജന്. മലേഷ്യന്‍ എഞ്ചിനിയറായ ലീ സീ ബിന്നിന്റെ ആത്മഹത്യയ്ക്ക് കാരണം ഗ്യാനേഷ് കുമാര്‍ ആണെന്ന് സാജന് പറഞ്ഞു. പതിബെല്‍ കമ്പനിയില്‍ നിന്ന് താന്‍ മെറ്റീരിയല്‍ സപ്ലെയുടെ കരാര്‍ എടുത്തിരുന്നു.
കെഎസ്ടിപി കരാര്‍ ഏറ്റെടുത്തിരുന്ന പതിബെലിന് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാര്‍ ബില്ലുകള്‍ മാറി കൊടുത്തില്ല. കടുത്ത മനോവിഷമത്തിലായിരുന്നു ലീ സീ ബിന്‍. ബില്‍ മാറുന്നതിന് ഗ്യാനേഷ് രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലി പറഞ്ഞിരുന്നു. ചടയമംഗലത്ത് തന്റെ വീടിന് സമീപത്തായിരുന്നു ലി താമസിച്ചിരുന്നത്. വിജിലന്‍സിന്റെ ആദ്യ അന്വേഷണം ഗ്യാനേഷിനെ വെള്ളപൂശാന്‍ വേണ്ടിയായിരുന്നുവെന്നും സാജന് പറഞ്ഞു.
പതിബെലില് നിന്ന് ജോലികള്‍ ഏറ്റെടുത്തിരുന്ന താന്‍ ഉള്‍പ്പടെ ആരില്‍ നിന്നും വിജിലന്‍സ് മൊഴി എടുത്തിട്ടില്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം നടക്കണം. താനും വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സാജന് വ്യക്തമാക്കി. പതിബെല്‍ പ്രോജക്ട് മാനേജറുടെ ആത്മഹത്യയിലേക്ക് നയിച്ച കേസ് അന്ന് അന്വേഷിച്ചത് തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റാണ്. ഗ്യാനേഷ് കുമാര്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്തെ ഈ കേസുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.







