Newsskerala

ഓപ്പറേഷന്‍ കളിക്കളം; സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി

തിരുവനന്തപുരം: ഓപ്പറേഷന്‍ കളിക്കളം എന്ന പേരില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്ത് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. പൈക പദ്ധതി പ്രകാരമുള്ള ധനവിനിയോഗത്തില്‍ ക്രമക്കേടും കാഷ് ബുക്കും സ്റ്റോക്ക് രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.
മുന്‍ സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റിന് സര്‍ക്കാര്‍ അനുമതിയില്ലാതെ ബത്തകള്‍ നല്‍കിയെന്നും സംഘം കണ്ടെത്തി. 2019 മുതല്‍ 2021 മേയ് വരെ ഒരു  ഉദ്യോഗസ്ഥന്‍ ആവശ്യമായ അനുമതിയില്ലാതെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ  ചുമതല വഹിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു പരിശീലകന് താമസബത്തയും മറ്റ് സൗകര്യങ്ങളും ചട്ടവിരുദ്ധമായി അനുവദിച്ചതായും വിജിലന്‍സിന് വിവരം ലഭിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നടന്ന ഇടപാടുകളാണ് വിജിലന്‍സ് പരിശോധിക്കുന്നത്. വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ച തുക, യോഗ്യത നേടാത്ത താരങ്ങളെ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചെന്ന ആരോപണം, ഭക്ഷണവും സ്‌റ്റൈപന്‍ഡും അനുവദിച്ചതിലെ വീഴ്ചകള്‍, വ്യാജ മത്സരഫലങ്ങള്‍ തയാറാക്കിയെന്ന പരാതി, ഹോസ്റ്റല്‍ നടത്തിപ്പിലെ ക്രമക്കേടുകള്‍, കൗണ്‍സില്‍ അംഗങ്ങളുടെ യാത്രകള്‍, സര്‍ക്കാര്‍ ഫണ്ട് വകമാറ്റിയെന്ന ആരോപണം തുടങ്ങിയവയും അന്വേഷണത്തിന്റെ  പരിധിയിലുണ്ട്.
മന്ത്രി ഒ.ജെ. ജനീഷിന് ലഭിച്ച പരാതികളും വിജിലന്‍സിന് കൈമാറിയിരുന്നു. യുവതാരങ്ങള്‍ക്കായി വാങ്ങിയ സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്യാതെ പൂഴ്ത്തിവച്ചതടക്കമുള്ള ആരോപണങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്. പരിശോധനയുടെ ഭാഗമായി വിവിധ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്

Leave a Comment

Your email address will not be published. Required fields are marked *