തൃശൂര്‍ വിയ്യൂര്‍ ജയിലിന് സമീപത്ത് നിന്നും ഇന്നലെ കൈവിലങ്ങുമായി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ റിമാന്‍ഡ് പ്രതി പിടിയില്‍. വിയ്യൂര്‍ ജയിലിനു സമീപം പടുകാട് നിന്നും ഇന്ന് രാവിലെയാണ് ഇയാള്‍ തൃശൂര്‍ കണ്ട്രോള് റൂം പോലീസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ജയിലിനു സമീപത്ത് വച്ച് പോലീസ് വാഹനത്തില്‍ നിന്നും പ്രതി രക്ഷപ്പെട്ടത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് കഴിഞ്ഞദിവസം അടിപിടി കേസില്‍ അറസ്റ്റ് ചെയ്ത കോലഴി സ്വദേശി ആഷിക് (22) ആണ് രക്ഷപ്പെട്ടത്. കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത ആഷിക്കിനെ ജയിലിലേക്ക് എത്തിക്കുന്നതിനിടെ ജയിലിനു മുന്നില്‍ വച്ച് പോലീസ് വാഹനത്തില്‍ നിന്നും കൈവിലങ്ങുമായി ഇറങ്ങി ഓടുകയായിരുന്നു. എസ്കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ പുറകെ ഓടിയെങ്കിലും ആഷിക്കിനെ പിടികൂടാനായിരുന്നില്ല കൈവിലങ്ങ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. സിറ്റി പോലീസ് നടത്തിയ വ്യാപക തിരച്ചിലിന് ഒടുവില്‍ കണ്ട്രോള് റൂം പോലീസ് സംഘമാണ് റോഡിലൂടെ നടന്നുവരികയായിരുന്ന പ്രതിയെ പിടികൂടിയത്. തുടര്‍നടപടികള്‍ക്കായി പ്രതിയെ വിയ്യൂര്‍ പോലീസിന് കൈമാറി
വിയ്യൂരില്‍ കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പിടികൂടി





