തൃശൂർ : 2009 ൽ വിവാഹം കഴിഞ്ഞ് ഏഴാം മാസം സ്ത്രീധന പീഡനത്തെ തുടർന്ന് വധു മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു എന്ന കേസിൽ തൃശ്ശൂർ കുറ്റൂർ സ്വദേശിയായ ഒന്നാം പ്രതിയായ ഭർത്താവിനെയും മൂന്നാം പ്രതിയായ സഹോദരിയെയും തൃശൂർ നാലാം നമ്പർ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. രണ്ടാം പ്രതിയായ ഭർതൃമാതാവ് വിചാരണ മധ്യേ മരണപ്പെട്ടിരുന്നു. ആത്മഹത്യാപ്രേരണയും സ്ത്രീധന പീഡനവുമായിരുന്നു പ്രതികൾക്ക് മേൽ ചാർത്തിയ കുറ്റം. ആത്മഹത്യാ പ്രേരണയ്ക്ക് പ്രതികൾക്കെതിരെ പീഡനം സംബന്ധിച്ച് കൃത്യവും വ്യക്തവുമായ തെളിവുകൾ ഹാജരാക്കേണ്ടതുണ്ട് എന്ന് പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ ആത്മഹത്യ ചെയ്ത യുവതിയുടെ സഹോദരനും അമ്മാവനും അമ്മാവൻറെ മകനും അടങ്ങുന്ന സാക്ഷികൾ പരസ്പരവിരുദ്ധമായ കാര്യങ്ങൾ വിചാരണവേളയിൽ പറഞ്ഞതായും പല കാര്യങ്ങളിലും ഒട്ടും വ്യക്തതയില്ലെന്നും CrPC പ്രകാരം രേഖപ്പെടുത്തിയ 164 മൊഴിക്ക് വിരുദ്ധമായി വിചാരണ വേളയിൽ പല കാര്യങ്ങളും പറഞ്ഞതായും ജഡ്ജി ഭാരതീ .എസ് വിധിയിൽ പറയുന്നു.
വാദിഭാഗം പറയുന്നത് അനുസരിച്ച് വിവാഹശേഷം പണമോ സ്വർണ്ണമോ കൈമാറിയതായി രേഖകളില്ല. ശാരീരിക പീഡനം നടന്നതായും കാണുന്നില്ല. വീട്ടിനുള്ളിലാണ് പീഡനം നടന്നതെന്നും ആയതിനാൽ വരന്റെ അയൽവാസികളെ പീഡനം സംബന്ധിച്ച് തെളിവുകൾക്കായി വിസ്തരിക്കേണ്ട എന്ന നിലപാടാണ് പ്രോസിക്യൂഷൻ എടുത്തത്. കേസിൽ തെളിവുകൾ ഹാജരാക്കുവാൻ വാദിഭാഗം പരിതാപകരമായ രീതിയിൽ പരാജയപ്പെട്ടെന്നും വിധി പ്രസ്താവത്തിൽ പറയുന്നു. പ്രതിഭാഗത്തിനായി അഡ്വ എ. ദേവദാസ് ഹാജറായി.