തൃശൂർ: മേളക്കൊഴുപ്പിനിടെ ആനപ്പുറത്ത് ഉയര്‍ത്തുന്ന ആലവട്ടങ്ങള്‍ ചേതോഹരമായ കാഴ്ചയാണ്. കലയുടെയും കരവിരുതിന്റെയും പീലിച്ചന്തമാണ് ആലവട്ടങ്ങള്‍. ആലവട്ടം നിര്‍മ്മിക്കുമ്പോള്‍ ഓരോ തവണയും അലങ്കാരത്തില്‍ പുതുമകള്‍ വരുത്തുന്നു. എല്ലാ വര്‍ഷവും തൃശൂര്‍ പൂരത്തിന് പുതിയ ആലവട്ടങ്ങള്‍ നിര്‍മ്മിക്കുന്നു. പരമ്പരാഗത രീതിയില്‍ തന്നെയാണ് ആലവട്ടം തയ്യാറാക്കുക. എങ്കിലും അലങ്കാരത്തില്‍ പുതിയ മാതൃകകളും പരീക്ഷിക്കാറുണ്ട്.
ആലവട്ടങ്ങളുടെ നിര്‍മ്മാണത്തിന് ചുരുങ്ങിയത് നാല് ദിവസം വേണം. തിടമ്പേറ്റുന്ന ആനയ്ക്കുള്ള ആലവട്ടത്തിന് സവിശേഷതയുണ്ട്. ശംഖ്, പകിട, മുല്ലമൊട്ട് തുടങ്ങിയ അലങ്കാരങ്ങള്‍ തുന്നിച്ചേര്‍ക്കാറുണ്ട്്.
പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ മുപ്പത് കിലോ മയില്‍പ്പീലി വീതമാണ് ആലവട്ട നിര്‍മ്മാണത്തിന് ഉപയോഗിക്കുക പതിവ്. മയില്‍പ്പീലി ഒരു കിലോവിന് മൂവായിരം രൂപയോളം നല്‍കി കോയമ്പത്തൂരില്‍ നിന്നും, ചങ്ങനാശ്ശേരിയില്‍ നിന്നുമാണ് എത്തിക്കുക. മയില്‍പ്പീലികള്‍ രണ്ട് പാളികളായി തുന്നിച്ചേര്‍ത്ത ശേഷം വട്ടത്തില്‍ കൂട്ടിച്ചേര്‍ത്താണ് ആലവട്ടം ഒരുക്കുകയെന്ന് പാറമേക്കാവിന് വേണ്ടി അനേക വര്‍ഷങ്ങളായി ആലവട്ടം തയ്യാറാക്കുന്ന പ്രൊഫ.മുരളീധരന്‍ പറഞ്ഞു.