നഞ്ചിയമ്മയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് കിട്ടിയത് അവര്‍ക്ക് അര്‍ഹമായ അംഗീകാരം തന്നെ…..
തൃശൂര്‍: മലയാള സിനിമയില്‍ ആണ്‍,പെണ്‍ തരംതിരിവ് ശരിയല്ലെന്നാണ് തന്റെ നിലപാടെന്ന് നടി അപര്‍ണ ബാലമുരളി അഭിപ്രായപ്പെട്ടു. ലിംഗ വിവേചനത്തിന്റെ തിക്താനുഭവങ്ങള്‍, ചില തര്‍ക്കങ്ങളടക്കം സിനിമാ മേഖലയിലെ ഒരുപാട് സുഹൃത്തുക്കള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. അവരുടെ അനുഭവങ്ങള്‍ കേട്ടപ്പോള്‍ വിഷമം തോന്നിയിരുന്നുവെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള വേര്‍തിരിവുകള്‍ക്കെതിരെ പ്രതികരിക്കുന്നവരുടെ കൂട്ടത്തില്‍ നില്‍ക്കും. എന്നാല്‍ സെറ്റുകളില്‍ തനിക്ക് ലിംഗ വിവേചനം ഇതുവരെ നേരിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
കൂട്ടായ പരിശ്രമത്തില്‍ നിന്നാണ് സിനിമ രൂപം കൊള്ളുന്നത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ തരംതിരിവ് ശരിയല്ല. തൃശൂര്‍ പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍. സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് അര്‍ഹമായ ആദരവും അംഗീകാരവും കൊടുക്കണമെന്നാണ് തന്റെ നിലപാടെന്നും അവര്‍ പറഞ്ഞു.
നഞ്ചിയമ്മയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് കിട്ടിയത് അവര്‍ക്ക് അര്‍ഹമായ അംഗീകാരം തന്നെയാണ്. മനസ്സില്‍ നിന്ന് പാടിയ പാട്ടാണിത്. നഞ്ചിയമ്മയുടെ കഴിവ് സംവിധായകന്‍ സച്ചിയും കൂട്ടരും തിരിച്ചറിഞ്ഞതിന്റെ അംഗീകാരമാണിതെന്നും അപര്‍ണ പറഞ്ഞു. ആ പാട്ടിന് ആവശ്യമായിരുന്നു ശബ്ദമായിരുന്നു നഞ്ചിയമ്മയുടേത്. അത്ര എളുപ്പം പാടാന്‍ കഴിയുന്ന പാട്ടല്ല അതെന്നും അപര്‍ണ പറഞ്ഞു.
ദേശീയ പുരസ്‌കാരം നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയുടെ സംവിധായകന്‍ സെന്ന ഹെഗ്‌ഡെയുടെ പുതിയ ചിത്രമായ ‘പത്മിനി’യില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന വേഷമാണെന്നും അവര്‍ പറഞ്ഞു. മികച്ച സ്‌ക്രിപ്റ്റാണിത്. ബയോപിക്കുകളില്‍ അഭിനയിക്കാനും താല്‍പര്യമുണ്ട്. നായികാപ്രാധാന്യമുള്ള ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു. അതിലുപരിയായി നായികാ കഥാപാത്രങ്ങള്‍ക്ക് അഭിനയസാധ്യത വേണം.
വിവാഹം കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന ചിന്താഗതി മാറണം. വിവാഹം കഴിഞ്ഞ നടിമാരും ഇപ്പോള്‍ അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നുണ്ട്. വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് തുടരാനാണ് താല്‍പര്യമെന്നും അവര്‍ പറഞ്ഞു. പൊള്ളാച്ചിയിലെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചായിരുന്നു പുരസ്‌കാര വിവരം അറിഞ്ഞത്. അന്നുമുതല്‍ നാട്ടില്‍ വരാനുള്ള ആകാംക്ഷയിലായിരുന്നു. നാട്ടില്‍ തനിക്ക് സ്വീകരണമൊരുക്കിയ പ്രസ് ക്ലബ് ഭാരവാഹികളെ അവര്‍ നന്ദി അറിയിച്ചു.
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ശേഷം ആദ്യമായി തൃശൂരിലെത്തിയ അപര്‍ണാമുരളിയെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പൊന്നാടയണിച്ച് ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് ഒ.രാധിക, സെക്രട്ടറി പോള്‍ മാത്യു, ഗിരീഷ് എന്നിവരും മീറ്റ് ദ പ്രസില്‍ പങ്കെടുത്തു.