കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവന് തിങ്കളാഴ്ച ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണസംഘം നോട്ടീസയച്ചു. ദിലീപിൻറെ സഹോദരി ഭർത്താവ് സ്വരാജും ദിലീപിന്റെ സുഹൃത്തും ഹോട്ടൽ ശൃംഖലയുടെ ഉടമസ്ഥനുമായ ശരത്തും തമ്മിലുള്ള ഫോൺ സംഭാഷണം കാവ്യാമാധവന് എതിരെയുള്ള തെളിവായി അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു.
കാവ്യയും സുഹൃത്തുക്കളും തമ്മിലുള്ള പ്രശ്നങ്ങളാണ് കേസിനാസ്പദമായ കാര്യങ്ങളിലേക്ക് നയിച്ചതെന്നും ദിലീപിന് ഈ വിഷയത്തിൽ ഇടപെടേണ്ടി വരികയായിരുന്നുവെന്നും സ്വരാജ് ശരത്തിനോട് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് പോലീസിന് ലഭിച്ചത്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ‘മാഡത്തെ’ പറ്റി പറയുന്ന ഓഡിയോ ക്ലിപ്പും പോലീസിന് മുൻപ് ലഭിച്ചിട്ടുണ്ട്.
ദിലീപിൻറെ അറസ്റ്റിന് ശേഷം അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തിരുന്നു. നിലവിൽ ഈ കേസിലെ സാക്ഷിയാണ് കാവ്യ മാധവൻ. ഒരാഴ്ച മുൻപ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ചെന്നൈയിലായതുകൊണ്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന മറുപടിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്