കൊച്ചി: സിനിമാ ഷൂട്ടിംഗിനിടെ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് തന്നോട് മോശമാറി പെരുമാറിയത് നടന്‍ ഷൈന്‍ ടോ ചാക്കോയെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തി. ഫിലിം ചേംബറിന് രേഖാമൂലം നല്‍കിയ പരാതിയിലാണ് വിന്‍സി നടന്റെ പേര് വെളിപ്പെടുത്തിയത്. അടുത്തുതന്നെ റിലീസ് ചെയ്യുന്ന ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നടന്‍ തന്നോട് മോശമായി പെരുമാറിയതായി നടി വിന്‍സി ആരോപിച്ചിരുന്നു. എന്നാല്‍ അവര്‍ നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. നടന്റെ വായില്‍ നിന്ന് വെളുത്ത പൊടി വന്നിരുന്നതായും നടി പറഞ്ഞിരുന്നു.
വിന്‍സിയുടെ പരാതി പരിഗണിക്കാന്‍ തിങ്കളാഴ്ച ഫിലിം ചേംബര്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരുന്നുണ്ട്. നടന്‍ സെറ്റില്‍ വെച്ചും മയക്കുമരുന്ന് ഉപയോഗിക്കുന്നതായും പരാതിയുണ്ടായിരുന്നു.
നടി വിന്‍സി അലോഷ്യസില്‍ നിന്ന് നടനെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ എക്‌സൈസും പോലീസും നടപടി തുടങ്ങി.
കേസെടുക്കാന്‍ പര്യാപ്തമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍ നടപടിയുണ്ടാകുമെന്നാണ് എക്‌സൈസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നടിയുടെ വെളിപ്പെടുത്തലിനെ പറ്റി സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസ് എടുക്കുമെന്ന് പോലീസും അറിയിച്ചു. പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിന്‍സിയുമായി സംസാരിക്കുമെന്നാണ് സൂചന.
നടന്റെ പേര് വെളിപ്പെടുത്തിയാല്‍ ഉടന്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അമ്മ ഭാരവാഹി ജയന്‍ ചേര്‍ത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുമ്പോള്‍ നടീനടന്‍മാരുടെ അഭിനയം മാത്രമല്ല സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ജയന്‍ ചേര്‍ത്തല അഭിപ്രായപ്പെട്ടു. ആലപ്പുഴയില്‍ നടന്ന ഹൈബ്രിഡ് കഞ്ചാവ് കേസിലുമായി ബന്ധപ്പെട്ടും നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിരുന്നു. ചില നടന്‍മാര്‍ക്ക് ലഹരിമരുന്ന് നല്‍കിയിരുന്നതായി ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി മെഹറുന്നിസ മൊഴി നല്‍കിയിരുന്നു.
മോശമായി പെരുമാറിയത് നടന്‍ ഷൈന്‍ ടോം ചാക്കോ; പേര് വെളിപ്പെടുത്തി നടി വിന്‍സി
