ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരണസംഖ്യ 290 ആയി. വിമാനയാത്രക്കാരില്‍ 241 പേര് മരിച്ചെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാര്‍ക്ക് പുറമേ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പ്രദേശവാസികളും അടക്കം 49 പേര് മരിച്ചു. എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യയുടെ 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേര്‍ന്ന പ്രദേശത്ത് തകര്‍ന്നുവീണത്.
. മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരന് ഡിഎന്‍എ പരിശോധനയ്ക്കായി അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം ഇന്നലെ തന്നെ തുടങ്ങിയിരുന്നു. 72 മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. ഫലത്തിന്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നത്.
ആകെ ഒരേയൊരാള്‍ മാത്രമേ വിമാന ദുരന്തത്തെ അതിജീവിച്ചുളളൂ. 40 വയസുകാരനായ വിശ്വാസ് കുമാര്‍ രമേശ് എന്നയാളാണ് എമര്‍ജന്‍സി എക്സിറ്റ് വഴി അത്ഭുതകരമായി രക്ഷപ്പെട്ടത്. പരുക്കുകളോടെ അദ്ദേഹം സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും ഒരുപോലെ തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്്.