Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വിഘ്‌നേശ്വരപ്രീതിയുടെ നിറവില്‍ വടക്കുന്നാഥനില്‍ ആനയൂട്ട്

സ്റ്റാറായി തെച്ചിക്കോട്ടുകാവ് രാമചന്ദ്ര

തൃശൂര്‍: മഴമേഘങ്ങള്‍ മാറി നിന്നതോടെ വടക്കുന്നാഥക്ഷേത്രത്തില്‍ ആനയൂട്ടിന് വന്‍ ഭക്തജനത്തിരക്ക്. വടക്കുന്നാഥന്റെ അമ്പലവട്ടത്ത് നിരന്നുനിന്ന ആനകളെ സമൃദ്ധമായി ഊട്ടിയതോടെ തെളിഞ്ഞ മാനം പോലെ ഭക്തരുടെ മനവും നിറഞ്ഞു. അലങ്കാരങ്ങളില്ലാതെ കുളിച്ച് കളഭക്കുറി തൊട്ട് വടക്കുന്നാഥനെ വലംവെച്ച് തെക്കേഗോപുരത്തിന് മുന്നില്‍ ഗജകേസരികള്‍ നിരന്നതോടെ ആനയൂട്ട് തുടങ്ങി. കര്‍ക്കിടക വാവിന് അവധിയായതില്‍ ഇക്കുറി സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി വടക്കുന്നാഥനിലെത്തി.

Aanayoottu 2023 @ Vadakkumnathan Temple Thrissur

മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി തിരുവമ്പാടി ലക്ഷ്മിക്കുട്ടിക്ക് ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് തുടക്കമായി. നാല്‍പത്തിയൊന്നാമത് ആനയൂട്ടിന് 53 ആനകളാണ് അണിനിരന്നത്.  ഏകഛത്രാധിപതിയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും, എറണാകളും ശിവകുമാറും, സുഖചികിത്സക്കിടെ പ്രത്യേക അനുമതിയോടെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളും ആനയൂട്ടിനെത്തി.

500 കിലോ അരിയുടെ ചോറ്, ശര്‍ക്കര, നെയ്യ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഉരുളകളാക്കിയാണ് ആനകളെ ഊട്ടിയത്. കൂടാതെ കരിമ്പ്, പൈനാപ്പിള്‍, ചോളം, കക്കിരിക്ക, തണ്ണീര്‍ മത്തന്‍, പഴം എസ്.എന്‍.എ ഔഷധശാലയുടെ പ്രത്യേക ഔഷധക്കൂട്ട് എന്നിവയും ആനകള്‍ക്ക് നല്‍കി.
തുടര്‍ന്ന് പത്തരമണിയോടെ പ്രസാദ ഊട്ട് തുടങ്ങി. 7,500 പേര്‍ക്കാണ് ഇത്തവണ പ്രസാദ ഊട്ടെന്ന് വടക്കുന്നാഥക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ടി.ആര്‍.ഹരിഹരന്‍ അറിയിച്ചു.

വെളുപ്പി്ന് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അഷ്ടദ്രവ്യമഹാഗണപതിഹോമം തുടങ്ങി. അന്‍പതോളം തിരുമേനിമാര്‍ സഹകാര്‍മികരായി. പന്ത്രണ്ടായിരം നാളികേരം, 1,500 കിലോ അവില്‍, 250 കിലോ മലര്‍, 100 കിലോ എള്ള്, 2,500 കിലോ ശര്‍ക്കര, 500 കിലോ നെയ്യ്, 100 കിലോ തേന്‍ കൂടാതെ ഗണപതിനാരങ്ങ, കരിമ്പ് എന്നിവയാണ് മഹാഗണപതിഹോമത്തിനുളള ദ്രവ്യങ്ങള്‍. വൈകീട്ട് കൂത്തമ്പലത്തില്‍ തന്ത്രിയുടെ കാര്‍മിത്വത്തില്‍ ഭഗവത് സേവ നടത്തും,
ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തി്‌ലാണ് അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *