തൃശൂര്‍: സി.പി.എം മുഖപത്രമായ ദേശാഭിമാനി വഴി 26 ലക്ഷം രൂപ കൈപ്പറ്റിയത് സി.പി.എം നേതാവ് ഇ.പി.ജയരാജനെന്ന് കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ അനില്‍ അക്കര ആരോപിച്ചു. ഇക്കാര്യം ഇ.ഡി. അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കൈപ്പറ്റിയ തുക ജയരാജന്‍ തിരിച്ചുനല്‍കുമോയെന്നും അനില്‍ ചോദിച്ചു.
സി.പി.എം നേതാവായ പി.ആര്‍.അരവിന്ദാക്ഷന്‍ കുന്നംകുളം എം.എല്‍.എയായ എ.സി.മൊയ്തീന്‍, മുന്‍ എം.പി പി.കെ.ബിജു, എം.കെ.കണ്ണന്‍ തുടങ്ങി പ്രമുഖര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. പി.കെ.ബിജു 2021-ല്‍ അഞ്ച് ലക്ഷം വാങ്ങിയെന്ന മൊഴി ഞെട്ടിപ്പിക്കുന്നതാണ്.
അരവിന്ദാക്ഷന്റെ മൊഴി തള്ളുമോയെന്ന് സി.പി.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്ന് അനില്‍ അക്കര പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അരവിന്ദാക്ഷന്റെ മൊഴി ഉള്‍ക്കൊള്ളുന്നുവെങ്കില്‍ നേതാക്കള്‍ക്കെതിരെ നേതൃത്വം നടപടി എടുക്കണമെന്നും അനില്‍ ആവശ്യപ്പെട്ടു.