Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ബാബു സുരക്ഷിതകരങ്ങളില്‍

പാലക്കാട്: കേരളം ശ്വാസമടക്കിപ്പിടിച്ചിരുന്ന  രണ്ട് രാപകലുകള്‍ക്ക് ശേഷം ആശ്വാസവാര്‍ത്തയെത്തി. മലയിടുക്കില്‍ കുടുങ്ങിയ ബാബു സുരക്ഷിതനായി തിരിച്ചെത്തി. മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സമാനതകളില്ലാത്ത സാഹസിക ദൗത്യത്തിലൂടെയാണ് സൈനികര്‍ രക്ഷിച്ചത്. മലമ്പുഴ ചെറാട് സ്വദേശി ആര്‍. ബാബു (23) വിനെ ശ്രമകരമായ ദൗത്യത്തിനു ശേഷം ദൗത്യസംഘം ചെറാട് കുമ്പാച്ചിമലയുടെ മുകള്‍ത്തട്ടില്‍ എത്തിച്ചു. ഇനി ഇവിടെനിന്ന് ബാബുവുമായി ദൗത്യസംഘം മലയിറങ്ങും.
.ബാബുവിന് അടുത്തേക്ക് എത്തിയ കരസേനയുടെ ദൗത്യസംഘാംഗം ആദ്യം അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും മരുന്നും നല്‍കി. അതിനു ശേഷം സേനാംഗമായ ബാല തന്റെ ശരീരത്തോട് ബാബുവിനെ ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചു. പിന്നീട് ഇരുവരും വടത്തില്‍ മുകളിലേക്ക് കയറിത്തുടങ്ങി.

മലയുടെ മുകളില്‍ നിലയുറപ്പിച്ച ദൗത്യസംഘം ഇരുവരെയും മുകളിലേക്ക് വലിച്ച് ഉയര്‍ത്തുകയാണ് ചെയ്തത്. ഒരു ഘട്ടത്തില്‍ മലയുടെ മുകളില്‍നിന്ന് മറ്റൊരു ദൗത്യസംഘാംഗവും വടത്തില്‍ താഴേയ്ക്ക് ഇവരെ സഹായിക്കാന്‍ ഇറങ്ങിവന്നു. പിന്നീട് മൂവരും ചേര്‍ന്നാണ് മലകയറിയത്. ഏതാണ്ട് അരമണിക്കൂറിനുള്ളില്‍ തന്നെ ബാബുവുമായി മലകയറി എത്താന്‍ ദൗത്യസംഘത്തിനായി. മലമുകളില്‍ എത്തിയ ശേഷം സൈന്യം ബാബുവിന് പ്രഥമശുശ്രൂഷ നല്‍കി. പാറയില്‍ വീണ് ബാബുവിന്റെ  കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.
. തിരിച്ച് താഴെ എത്തിച്ച ശേഷം ആംബുലന്‍സില്‍ കയറ്റുക എന്നത് ദുഷ്‌കരമാണ്. അതുകൊണ്ട് തന്നെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്ററില്‍ കയറ്റി ബാബുവിനെ താഴേക്ക് എത്തിക്കാനാണ് തീരുമാനം. ബാബുവിന് ദൗത്യ സേനാംഗങ്ങള്‍ തന്നെ ഫസ്റ്റ് എയ്ഡ് നല്‍കി. രണ്ടര മണിക്കൂറോളം സമയം കൊണ്ടാണ് രക്ഷാസംഘം മലയുടെ മുകളിലെത്തിയത്.

ചരിത്രപരമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യന്‍ ആര്‍മിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങള്‍, രാത്രിയില്‍ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാന്‍ പ്രതിസന്ധികളേറെയായിരുന്നു. വെള്ളമോ ഭക്ഷണമോ നല്‍കാന്‍ യന്ത്രങ്ങള്‍ക്ക് പോലും എത്തിപ്പെടാന്‍ സാധിക്കാത്ത വിധത്തില്‍ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. രക്ഷാപ്രവര്‍ത്തനത്തിന്റെ മണിക്കൂറുകളില്‍ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തില്‍ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താന്‍ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാന്‍ ബാബുവിന് കഴിഞ്ഞതും ഗുണകരമായി.

Leave a Comment

Your email address will not be published. Required fields are marked *