നസിറുദീന് ആദരസൂചകമായി സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും വെള്ളിയാഴ്ച അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ പറഞ്ഞു
തൃശൂർ: വ്യാപാരി വ്യവസായികളുടെ അനിഷേധ്യ നേതാവ് ടി. നസിറുദ്ദീൻ, 79, അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.
അടുത്തിടെ ഉണ്ടായ പക്ഷാഘാതവും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കാര്യമായി ബാധിച്ചിരുന്നു. അനാരോഗ്യം മൂലം രണ്ടു മാസത്തോളം പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന അധ്യക്ഷനായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.
നസിറുദീന് ആദരസൂചകമായി സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും വെള്ളിയാഴ്ച അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ പറഞ്ഞു. 1980 ൽ സ്ഥാപിച്ച ഏകോപനസമിതിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച നസീറുദ്ദീൻ 1990ലാണ് അധ്യക്ഷനായത്.
ഏകദേശം പത്ത് ലക്ഷം വ്യാപാരികൾ കേരളത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ അംഗങ്ങളാണ്. 1995 ലെ സെയിൽ ടാക്സ് സമരത്തിനും 2005 ലെ വാറ്റ് സമരത്തിനും നസീറുദ്ദീൻ നേതൃത്വം നൽകി. വ്യാപാരി വ്യവസായികളുടെ ഉന്നമനത്തിനായി പല പദ്ധതികളും നടപ്പാക്കി. അഭിപ്രായ വ്യത്യാസങ്ങൾ കിടയിലും സംഘടന വിഘടിക്കാതെ നയിക്കാൻ നസിറുദ്ദീന് കഴിഞ്ഞു.
2018ൽ സിമൻറ് വിലവർധനവിനെതിരെയും പിന്നീട് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ജനജീവിതം ദുസ്സഹമാക്കുന്ന ഹർത്താലുകൾക്കെതിരെയും ശക്തമായ നിലപാട് കൈകൊണ്ട് ഹർത്താൽ ദിനങ്ങളിലും വ്യാപാരികൾ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന നിലപാട് നസിറുദ്ദീൻ കൈകൊണ്ടു. രണ്ടാം കോവിഡ് തരംഗത്തിന്റെ അവസാന സമയത്ത് കടകൾ പൂട്ടിയിടണം എന്ന് സംസ്ഥാന സർക്കാർ നിലപാടിനെതിരെ കട തുറക്കൽ സമരത്തിനും അദ്ദേഹം ആഹ്വാനം നൽകി.
കണ്ണൂരിൽ ജനിച്ച എങ്കിലും നസിറുദ്ദീന്റെ വിഹാരകേന്ദ്രമായത് കോഴിക്കോടായിരുന്നു. കോഴിക്കോട് മിഠായിത്തെരുവിൽ ആയിരുന്നു അദ്ദേഹത്തിൻറെ വ്യാപാര സ്ഥാപനം. സംസ്കാരം കണ്ണംപറമ്പ് കബരിസ്ഥാനിൽ ഇന്ന് വൈകിട്ട് നടക്കും.