കൊച്ചി: തിരുവനന്തപുരം വെള്ളനാട് ആഴമുള്ള കിണറിൽ വീണ കരടിയെ മയക്കുവെടി വെച്ച് പുറത്തെടുക്കുന്നതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് വൻ പിഴവ്. വെള്ളം പൂർണ്ണമായും വറ്റിക്കാതെ മയക്കുവെടി വെച്ചശേഷം താഴെ കമ്പി വളയത്തിൽ കെട്ടി വലയിൽ കരടി തങ്ങിനിൽക്കുമെന്ന പ്രതീക്ഷയിലാണ് മയക്കുവെടി വെച്ചത്. തിരുവനന്തപുരം വെള്ളനാട് ആഴമുള്ള കിണറിൽ വീണ കരടിയെ മയക്കുവെടി വെച്ച് പുറത്തെടുക്കുന്നതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് വൻ പിഴവ്.
എന്നാൽ മയക്കുവെടി വെച്ചശേഷം കരടി വലയിൽ കുടുങ്ങാതെ നാലു മീറ്ററോളം വെള്ളമുണ്ടായിരുന്ന കിണറിലേക്ക് താഴ്ന്നുപോയി വെള്ളത്തിൽ മുങ്ങി ചാവുകയായിരുന്നു. കിണറ്റിൽ കരടി മുങ്ങി ചാകും വിധം വെള്ളം ഉണ്ട് എന്ന് നിർണയിക്കുന്നതിലും വെള്ളത്തിൽ നിന്നിരുന്ന കരടിയെ വലയിൽ കുടുക്കാൻ ശ്രമിച്ചതിലും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വലിയ പിഴവ് സംഭവിച്ചു.
വെറ്റിനറി വിദഗ്ധനായ ജേക്കബ് അലക്സാണ്ടറാണ് മയക്കുവെടി വെച്ചത്. മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചാൽ കരടിക്ക് പരിഭ്രാന്തി ഉണ്ടാകും എന്ന കാരണത്താലും വലയിൽ കുടുങ്ങും എന്ന വിശ്വാസത്തിലാണ് മയക്കുവെടി വെച്ചത് എന്ന് ജേക്കബ് അലക്സാണ്ടർ പറഞ്ഞു. കരടിയുടെ ജഡം ക്ലിപ്പിംഗ് സംവിധാനം ഉപയോഗിച്ച് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സ് തുടരുകയാണ്.
കരടി നല്ല ആരോഗ്യവാനാണ് എന്നും കാര്യമായ പരിക്കുകൾ ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നും പുറത്തെത്തിച്ച ശേഷം പരിക്കുകൾ ഇല്ലായെങ്കിൽ ഇന്ന് ഉച്ചതിരിഞ്ഞ് തന്നെ അനുയോജ്യമായ വനപ്രദേശത്ത് കരടിയെ വിട്ടയയ്ക്കും എന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഡി. എഫ്.ഒ.യും റേഞ്ച് ഓഫീസറും അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്ന സമയത്താണ് വനംവകുപ്പിന് ഇത്ര വലിയ വീഴ്ച പറ്റിയത്.
ഇന്നലെ രാത്രിയാണ് കരടി കോഴികളെ പിടിക്കാനുള്ള ശ്രമത്തിൽ കിണറ്റിൽ വീണത്. ഇന്ന് രാവിലെ പത്തുമണിയോട് കൂടിയാണ് മയക്കുവെടി വച്ചത്.