തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടല്‍ മൂലം യാത്രക്കാരനായ ബി.എസ്.എഫ് ജവാന്റെ വിലപ്പെട്ട ജീവന്‍ നഷ്ടമായില്ല. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ബറോഡ- എറണാകുളം രാപ്തി സാഗര്‍ എക്‌സ്പ്രസ് ട്രെയിന്‍ തൃശൂരിലെത്തിയപ്പോഴായിരുന്നു സംഭവം. ചത്തീസ്ഗഡില്‍ സേവനമനുഷ്ഠിക്കുന്ന ആലപ്പുഴ സ്വദേശിയായ ബി.എസ്.എഫ് ജവാന്‍ മാര്‍ട്ടിന്‍ തോമസ് പ്ലാറ്റ്‌ഫോമില്‍ ഇറങ്ങി ചായക്കുടിക്കുമ്പോഴേയ്ക്കും ട്രെയിന്‍ പുറപ്പെട്ടു. ചായയുമായി ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ പിടിവിട്ട് ജവാന്‍ താഴേയ്ക്ക് വീഴാന്‍ ശ്രമിച്ചു. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍.പി.എഫ് ഓഫീസര്‍ ഓടിയെത്തി ജവാനെ സുരക്ഷിതയിടത്തേക്ക് തള്ളിമാറ്റാന്‍ ശ്രമം നടത്തി. ജവാനെ വെളിയിലേക്ക് എടുക്കാനുള്ള ഓഫീസറുടെ ദൗത്യം വിഫലമായി. ജവാന്‍ പ്ലാറ്റ്‌ഫോമിന്റെയും കോച്ചിന്റെയും ഇടയിലായി. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെയായിരുന്നു ആര്‍.പി.എഫ് ഓഫീസറുടെ സാഹസിക ദൗത്യം. പരിശ്രമത്തിനിടെ ഭാഗ്യം തുണച്ചതോടെ ജവാന്റെ കൈയില്‍ പിടിക്കാന്‍ കഴിഞ്ഞു. ഇതിനിടെ ട്രെയിന്‍ നിന്നപ്പോള്‍ ജവാനെ സുരക്ഷിതനാക്കി പുറത്തിറക്കി. ജവാന് നിസാര പരിക്കുമാത്രമാണുള്ളത്. ഇരുപത് ദിവസത്തെ അവധിയില്‍ നാട്ടിലേക്കുള്ള യാത്രക്കിടയിലായിരുന്നു മാര്‍ട്ടിന്‍ അപകടത്തില്‍ പെട്ടത്.