കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ നിലവിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറിയും സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമായിരുന്ന കെ എം എബ്രഹാമിൻ്റെ 2003 മുതൽ 2015 വരെയുള്ള സ്വത്ത് വിവരങ്ങൾ സിബിഐ പരിശോധിക്കും. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ നൽകിയ ഹർജിയിൽ നേരത്തെ സി ബി ഐ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുവാൻ കേരള ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ മാനദണ്ഡങ്ങൾ സിബിഐ നിശ്ചയിച്ചത്. അഴിമതി വിരുദ്ധ നിയമത്തിന്റെ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്.
എബ്രഹാമിന്റെ മുംബൈയിലെയും തിരുവനന്തപുരത്തെയും ഫ്ലാറ്റുകളും കൊല്ലത്തെ സൂപ്പർമാർക്കറ്റും അന്വേഷണ പരിധിയിൽ വരും.
സംസ്ഥാന വിജിലൻസ് സ്വത്ത് സമ്പാദന വിഷയത്തിൽ മുൻപ് കെഎം അബ്രഹാമിനെതിരെ അന്വേഷണം നടത്തി അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ സിബിഐ എസ്പി ആവശ്യപ്പെട്ടു എങ്കിലും സംസ്ഥാന വിജിലൻസ് ഇതു വരെ കൈമാറിയിട്ടില്ല.
കിഫ്ബിയുടെ നിലവിലെ സിഇഒ കൂടിയാണ് എബ്രഹാം. വരുമാനത്തിൽ കൂടുതൽ സംഖ്യ ലോണുകൾ തിരിച്ചടയ്ക്കുവാൻ എബ്രഹാം ഉപയോഗിക്കുന്നു എന്ന വിഷയം മുൻപ് കോടതിക്ക് മുന്നിൽ എത്തിയിരുന്നു. റിട്ടയർ ചെയ്ത അച്ഛനമ്മമാരുടെ പെൻഷൻ തുക കൂടി ഉപയോഗിച്ചാണ് ലോണുകൾ തിരിച്ചടയ്ക്കുന്നത് എന്ന മറുപടിയാണ് അന്ന് കോടതിക്കു മുൻപിൽ നൽകിയിരുന്നത്. പിന്നീട് ഇത് തെറ്റാണെന്ന് ഹൈക്കോടതി മനസിലാക്കിയാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്ത് എന്ന് പരാതിക്കാരൻ ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. 250 പേജുള്ള എഫ്ഐആറിന്റെ വിശദാംശങ്ങളുടെ കോപ്പി പരാതിക്കാരന് സിബിഐ ഇന്ന് തന്നെ കൈമാറും.
എബ്രഹാമിന് എതിരെയുള്ള അന്വേഷണം രാഷ്ട്രീയപ്രേമിതമാണ് എന്ന നിലപാടിലാണ് സിപിഎം. അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യവുമായി എബ്രഹാം സുപ്രീംകോടതിയെ സമീപിക്കാൻ ഇരിക്കുകയാണ് എന്നും കോടതി ഈ വിഷയത്തിൽ സ്റ്റേ അനുവദിച്ചില്ല എങ്കിൽ അദ്ദേഹം രാജിവെക്കേണ്ടി വരും എന്നും പരാതിക്കാരൻ ജോമോൻ പുത്തൻപുരക്കൽ പറഞ്ഞു. താൻ സ്വയം രാജിവെക്കുകയില്ല എന്നും തന്നെ പുറത്താക്കാം എന്ന് നിലപാടാണ് എബ്രഹാം എടുത്തിരിക്കുന്നത്.
4 ലക്ഷത്തോളം രൂപ ഇപ്പോൾ എബ്രഹാം വിവിധ തസ്തികകളിലെ ശമ്പളമായി സർക്കാരിൽ നിന്ന് കൈപ്പറ്റുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതി ആരോപണം ആരോപണം നേരിടുന്ന എസ് എൻ സി ലാവ്‌ലിൻ കേസിലെ ഒരു സാക്ഷി കൂടിയാണ് കെ എം എബ്രഹാം.