Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂരില്‍ എം.എല്‍.എയുടെ ഓഫീസിലേക്ക് നടത്തിയ ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷം

തൃശൂര്‍: ഹിന്ദുദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പി.ബാലചന്ദ്രന്‍ എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.ബാലചന്ദ്രന്‍ എം.എല്‍.എയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം.  പോലീസ് ബലപ്രയോഗത്തില്‍ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
പി.ബാലചന്ദ്രന്‍ എം.എല്‍.എയുടെ  കോലത്തില്‍ ചെരുപ്പ് മാലയും അണിയിച്ചായിരുന്നു പ്രകടനം. ബി.ജെ.പി ജില്ലാ ഓഫീസില്‍ നിന്ന്  റൗണ്ട് ചുറ്റി  പി.ബാലചന്ദ്രന്റെ ഓഫീസിലേയ്ക്ക് മാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകരെ ഓഫീസിലെത്തും മുന്‍പ് പോലീസ്
തടഞ്ഞു. സമരക്കാര്‍  ബാരിക്കേഡ് മറിച്ചിട്ട് പോലീസ് വലയം ഭേദിച്ച പ്രവര്‍ത്തകരെ നേരിടാന്‍ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിന്മാറാതെ പ്രവര്‍ത്തകര്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ബലപ്രയോഗം നടത്തി.  പ്രവര്‍ത്തകരും പോലീസും വലിയ ഏറ്റുമുട്ടലിലേയ്ക്ക് പോകുമെന്ന ഘട്ടത്തില്‍ നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് പി. ബാലചന്ദ്രന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
ഡിവൈ.എസ്.പി സജീവന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ചെമ്പോട്ടി ലെയിനിലെ സി.പി.ഐ ഓഫീസിലും പരിസരത്തും നിലയുറപ്പിച്ചിരുന്നു.

തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാര്‍ അധ്യക്ഷനായി. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത എം.എല്‍.എ ഭരണഘടനയ്ക്കും ഇന്ത്യന്‍ നിയമസംഹിതയ്ക്കും വിരുദ്ധമായി മതാധിക്ഷേപം നടത്തിയ സാഹചര്യത്തില്‍ എം.എല്‍.എയായി  തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും, എം.എല്‍.എയുടെ നടപടിയെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ സി.പി.ഐ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണമെന്നും അഡ്വ.അനീഷ്‌കുമാര്‍ ആവശ്യപ്പെട്ടു.
ഇടതു,വലതു മുന്നണികള്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതതീവ്രവാദികളെ പ്രീണിപ്പിച്ച് വോട്ട് നേടാനുള്ള ഇത്തരം നാണംകെട്ട നടപടികളെ എല്ലാ മതവിശ്വാസികളും ഒരുമിച്ച് എതിര്‍ക്കണം. എം.എല്‍.എയ്‌ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായും സ്പീക്കര്‍ക്ക് ഉടന്‍ പരാതി നല്‍കുമെന്നും ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ്, വൈസ് പ്രസിഡന്റ് സുജയ് സേനന്‍, സുരേന്ദ്രന്‍ അയിനിക്കുന്നത്ത്, ജില്ലാ സെക്രട്ടറി എന്‍, ആര്‍. റോഷന്‍, വി ആതിര, ലോചനന്‍ അമ്പാട്ട്, ബിജോയ് തോമസ്, ടോണി ചാക്കോള, വി വി രാജേഷ്, സബീഷ് മരുതയൂര്‍,മണ്ഡലം പ്രസിഡന്റുമാരായ രഘുനാഥ്. സി. മേനോന്‍, വിപിന്‍ അയിക്കുന്നത്ത് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *