തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തിലുടനീളം ബി.ജെ.പി സ്ഥാപിച്ച മോദിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും കോര്‍പ്പറേഷന്‍ അധികൃതര്‍ അഴിച്ചു മാറ്റിയത്് സംഘര്‍ഷത്തിന് കാരണമായി. സ്വരാജ് റൗണ്ടിലെ ബോര്‍ഡുകളും കൊടികളുമാണ് അധികൃതര്‍ ഇന്നു രാവിലെ അഴിച്ചു മാറ്റാന്‍ തുടങ്ങിയത്. ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരില്‍ എത്തുന്നത്. ഇതറിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചുകൂടി. അപ്പോഴേയ്ക്കും ബി.ജെ.പി ജില്ലാ പ്രസിഡന്റ കെ.കെ. അനീഷ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ എത്തി സംഘര്‍ഷത്തിന് അയവു വരുത്തി.
പ്രധാനമന്ത്രിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ എടുത്ത തീരുമാനം ധിക്കാരപരവും അസഹിഷ്ണുത നിറഞ്ഞ തുമാണെന്ന് പ്രസിഡന്റ് അനീഷ് കുമാര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നവ കേരള സദസ്സിന്റെ ബോര്‍ഡുകളും തുടര്‍ന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന സമ്മേളനത്തിന്റെ ബോര്‍ഡുകളും മറ്റും നഗരത്തില്‍ ഉണ്ടായിട്ടും ബി.ജെ.പിയുടെ ബോര്‍ഡുകള്‍ മാത്രം മാറ്റാന്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടത് തികഞ്ഞ തെമ്മാടിത്തം തന്നെയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പറഞ്ഞു .ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രധാനമന്ത്രിക്ക് പോലും നീതി ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയ തൃശൂര്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ അഴിച്ചുമാറ്റിയ കൊടികളും ബോര്‍ഡുകളും പുന: സ്ഥാപിച്ചതോടെയാണ് നഗരത്തില്‍ ഉണ്ടായ സംഘര്‍ഷത്തിന് അയവ് വന്നത്.തുടര്‍ന്ന് ബി.ജെ.പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ തൃശൂര്‍ കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്തുകയും കോര്‍പ്പറേഷന്‍ കവാടത്തില്‍ കൊടിയും ബോര്‍ഡും സ്ഥാപിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കാന്‍ കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന്് മേയര്‍ എം.കെ.വര്‍ഗീസ് അറിയിച്ചു.
പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോര്‍ഡുകളും മറ്റു ബോര്‍ഡുകളും 2024 ജനുവരി 3-ാം തിയ്യതി വരെ നീക്കം ചെയ്യേണ്ടതില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് ഞാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സുരക്ഷാഉദ്യോഗസ്ഥരുടെയും മറ്റു മേലധികാരികളുടെയും നിര്‍ദ്ദേശ പ്രകാരം പോലീസ് കമ്മീഷണര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ശ്രമിച്ചത്. ഇതാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞത്. പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് സുരക്ഷാജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരം ബോര്‍ഡുകള്‍ മാറ്റിയത് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശപ്രകാരമാണെന്ന് പ്രചരിപ്പിക്കുന്നത് അവാസ്തവവും കുപ്രചരണവുമാണ്. ഇത്തരത്തില്‍ പ്രചരണം നടത്തുന്നതിന്റെ സത്യാവസ്ഥ ജനങ്ങള്‍ തിരിച്ചറിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, മേയർ പറഞ്ഞു.
ഹൈക്കോടതിയുടെയും ഗവണ്‍മെന്റിന്റെയും നിര്‍ദ്ദേശ പ്രകാരം ബോര്‍ഡ് സ്ഥാപിക്കുന്നതിന് അനുവാദം കൊടുക്കുന്നതിനും നീക്കം ചെയ്യുന്നതിനും കോര്‍പ്പറേഷനില്‍ പ്രത്യേക കമ്മിറ്റിയുണ്ട്. ആ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ബോര്‍ഡുകള്‍ നീക്കം ചെയ്യാറുമുണ്ടെന്നും മേയര്‍ അറിയിച്ചു.