സംസ്ഥാന ചലച്ചിത്രപുരസ്‌കാരം കാണികളുടെ മനംകവര്‍ന്ന ദേവനന്ദയെ മികച്ച ബാലതാരമായി പരിഗണിച്ചില്ല, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശന പ്രവാഹം
തൃശൂര്‍: ‘മാളികപ്പുറം’ സിനിമയിലൂടെ ലക്ഷങ്ങളുടെ മനംകവര്‍ന്ന ദേവനന്ദയെ ബാലതാരത്തിനുള്ള അവാര്‍ഡിനായി പരിഗണിക്കാത്ത സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിക്കെതിരെ രൂക്ഷ വിമര്‍ശനം.
ചില പ്രമുഖ താരങ്ങള്‍ അടക്കമുള്ള ഒരു വിഭാഗം ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പ് പ്രകടമാക്കി രംഗത്തെത്തുന്നത്.
നടന്‍ ശരത് ദേവനന്ദയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ”എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍… എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും, മനസ്സുകൊണ്ടും, ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നു കഴിഞ്ഞു മോളെ” എന്നാണ് ശരത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ശബരിമലയിലെ വിവാദവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഭയന്നാണ് ജൂറി ദേവനന്ദയെ ഒഴിവാക്കിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്്. ദേവനന്ദയുടെ അഭിനയത്തിന്റെ മികവിലാണ് ചിത്രം നൂറ് കോടി കളക്ഷന്‍ നേടിയത്. ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകളാണ് ഇതിനകം തന്നെ ദേവനന്ദയെ തേടിയെത്തിയത്.
വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പ്രതികരിച്ചു. കണ്ണ് പൊട്ടൻമാരാണോ അവാർഡ് നിശ്ചയിക്കുന്നത്, ആ കുട്ടിയുടെ അഭിനയം കണ്ടവർക്ക് എങ്ങനെയാണ് ഒഴിവാക്കാൻ കഴിയുക. സിനിമയെ പൂർണ്ണമായും ഒഴിവാക്കിയതിന് പിന്നിൽ വിഭാഗീയമായ ചിന്തയാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ഖേദകരമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു
അവാര്‍ഡ് കിട്ടിയില്ലെങ്കിലും ‘മാളികപ്പുറം’ സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീര്‍ച്ചയായും ദേവനന്ദ എന്ന കുട്ടിക്ക് ഉണ്ടാവും എന്നാണ് സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് ഈ വര്‍ഷത്തെ ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിനാണ് തന്മയക്ക് പുരസ്‌കാരം ലഭിച്ചത്. പല്ലൊട്ടി നയന്റീസ് കിഡ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം.