തൃശൂര്‍: ആത്മീയതയിലാണ് മാനവസമൂഹത്തിന്റെ ഐക്യമെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി അഭിപ്രായപ്പെട്ടു. തൃശൂര്‍ അതിരൂപതയെ ഒരു ദശാബ്ദക്കാലം നയിച്ച മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്റെ മെത്രാഭിഷേക സുവര്‍ണ ജൂബിലിയുടെയും, തൃശൂര്‍ അതിരൂപതയുടെ 136-ാം വാര്‍ഷിക ദിനാചരണത്തിന്റെയും ഭാഗമായി ലൂര്‍ദ് കത്തീഡ്രലില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയതയിലാണ് സ്‌നേഹവും, കരുണയും വഴിഞ്ഞൊഴുകുന്നത്. പ്രാര്‍ത്ഥനക്ക് കൂടുതല്‍ സമയം കണ്ടെത്തുന്ന പിതാവാണ് തൂങ്കുഴിയെന്ന് അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണാനാണ് ദൈവം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ടി.എന്‍.പ്രതാപന്‍ എം.പി, പി.ബാലചന്ദ്രന്‍ എം.എല്‍.എ, അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോസ് വല്ലൂരാനും, റോമിലെ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ ആശംസ അതിരൂപത ചാന്‍സലര്‍ ഫാ.ഡോമിനിക് തലക്കോടനും, അപ്പസ്‌തോലിക് നൂണ്‍ഷ്യോയുടെ ആശംസ വൈദിക സമിതി സെക്രട്ടറി ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്തും വായിച്ചു. സാന്ത്വനത്തിന്റെ നേതൃത്വത്തിലുള്ള ഭവനനിര്‍മാണപദ്ധതിയുടെ ഭാഗമായി താക്കോല്‍ദാനം പി.ബാലചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. കളക്ടർ കൃഷ്ണതേജ ഐ.എ.എസ് മൈത്രാഭിഷേക സുവര്‍ണജൂബിലി സ്മാരകമായി തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജിന്റെ ജൂബിലി ഹെല്‍ത്ത് കാര്‍ഡ് പദ്ധതി ഉദ്ഘാടനം ചെയ്തു. മോണ്‍.ജോസ് വല്ലൂരാന്‍, ഫാ.ഫ്രാന്‍സിസ് പള്ളിക്കുന്നത്ത്, ഫാ.ഡേവിസ് പുലിക്കോട്ടില്‍, ഡോ.ഇഗ്നേഷ്യസ് ആന്റണി, സി.സോഫി പെരേപ്പാടന്‍, ഡോ.മേരി റെജീന എന്നിവര്‍ പ്രസംഗിച്ചു.