തൃശൂര്‍: നഗരത്തില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. ഇന്നലെ രാത്രി 11 മണിയോടെ മാരുതി സ്വിഫ്റ്റ് കാറില്‍ എത്തിയ സംഘമാണ് സ്വര്‍ണം തട്ടിയെടുത്തത്. നഗരത്തിലെ തിരക്കേറിയ ഡി.പി പ്ലാസ ഷോപ്പിംഗ് കോംപ്ലക്‌സിലെ ജെ.പി ചെയിന്‍സ് എന്ന കടയിലെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ഇവിടെ മൂന്നാം നിലയിലാണ് ഈ സ്വര്‍ണാഭരണനിര്‍മാണ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
ഇവിടെ നിന്ന് കന്യാകുമാരി മാര്‍ത്താണ്ഡത്തെ കടകളിലേക്ക് സ്വര്‍ണം എത്തിക്കുന്നതിന് റെയില്‍വെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് കാറില്‍ എത്തിയ സംഘം സ്വര്‍ണം കവര്‍ന്നത്.
ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂര്‍ സ്വദേശി റിന്റോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവര്‍ കൈയില്‍ സൂക്ഷിച്ചിരുന്ന ബാഗാണ് തട്ടിയെടുത്തത്.
പണി കഴിപ്പിച്ച ആഭരണങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം ചെന്നൈ എഗ്മോര്‍ ട്രയിനില്‍ പതിവായി കൊണ്ട് പോകാറുണ്ട്. ഇക്കാര്യം അറിയാവുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. തൃശൂര്‍ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വര്‍ണാഭരണനിര്‍മാണസ്ഥാപനത്തിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ പോലീസ് നിരീക്ഷിക്കുന്നു. സ്ഥലത്തെ സിസി ടിവി ക്യാമറകളും പോലീസ് പരിശോധിക്കും.