തൃശ്ശൂർ : മേയർക്ക് പിന്തുണ നൽകുമെന്ന ബിജെപിയുടെ പ്രസ്താവനയോടെ സിപിഎം-ബിജെപി പിന്തുണയുള്ള കേരളത്തിലെ ഏക മേയറായി എം കെ വർഗീസ് മാറിയെന്ന് കെപിസിസി സെക്രട്ടറിയും കൗൺസിലറുമായ ജോൺ ഡാനിയൽ പറഞ്ഞു. മേയറും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാർക്ക് ഇല്ലാത്ത എന്ത് പിന്തുണയാണ് തൃശ്ശൂരിലെ മേയർക്ക് ബിജെപി നൽകുന്നതെന്ന് വ്യക്തമാക്കണം. ഇരു വഞ്ചിയിലും കാൽ വെച്ച് നിൽക്കുന്ന മേയറുടെ നിലപാട് അപഹാസ്യമാണ്. എൽഡിഎഫ് പിന്തുണയോടെ മേയർ ആവുകയും പരസ്യമായി തന്നെ ബിജെപിക്ക് പിന്തുണ കൊടുക്കുകയും ചെയ്യുന്ന മേയറെ നിയന്ത്രിക്കാൻ കഴിയാത്ത സിപിഎമ്മിന്റേത് രാഷ്ട്രീയ പാപ്പരത്വമാണ്. അധികാരം നിലനിർത്താൻ ബിജെപി പിന്തുണയും തേടുമെന്നാണ് സിപിഎം ഇതിലൂടെ തെളിയിക്കുന്നത്. ഭാവിയിൽ ബിജെപിയിൽ പോകുമോ എന്ന് ഇപ്പോൾ പറയാനാകില്ല എന്ന് പറയുന്ന മേയറെ താങ്ങിനിർത്തുകയാണ് സിപിഎം. തൃശ്ശൂർ കോർപ്പറേഷനിൽ ഇപ്പോൾ ഭരണം നടക്കുന്നില്ല. ജനങ്ങൾക്ക് നൽകേണ്ട ഒരു സേവനവും ഇപ്പോൾ ലഭിക്കാത്ത സ്ഥിതിയാണ്. നികുതി അടയ്ക്കുന്ന സേവനങ്ങൾ ഉൾപ്പെടെ താറുമാറായി. മേയറായി എം കെ വർഗീസ് ഇപ്പോൾ പ്രവർത്തിക്കുകയല്ല അഭിനയിക്കുകയാണ് ചെയ്യുന്നത്. എൽഡിഎഫിലെ പ്രധാന കക്ഷിയായ സിപിഐയുടെ മേയർക്കെതിരായ പരാതി പോലും സിപിഎം കണ്ടില്ലെന്നു നടിക്കുകയാണ്. സിപിഎമ്മിന്റെ ഈ പ്രീണന രാഷ്ട്രീയത്തിനെതിരെ വരുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകും. മേയർക്ക് എതിരെയുള്ള സിപിഐ നിലപാട് ആത്മാർത്ഥത ഉള്ളതാണെങ്കിൽ മേയർക്കെതിരെ കോൺഗ്രസ് അവിശ്വാസം കൊണ്ട് വന്നാൽ പിന്തുണക്കുമോയെന്ന് സിപിഐ വ്യക്തമാക്കണമെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.