Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഏറ്റവും ഗുണമേന്മയുള്ള പാല്‍ കേരളത്തിലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

തൃശൂര്‍: രാജ്യത്ത് ഏറ്റവും ഗുണമേന്മയുള്ള പാല്‍ കേരളത്തിലാണെന്ന് ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി . മലബാര്‍ മേഖലയില്‍ നിന്നാണ് ഏറ്റവും ശുദ്ധമായ പാല്‍ ലഭിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ദിവസവും ഉപയോഗത്തിന് 16 ലക്ഷം ലിറ്റര്‍ പാല്‍ വേണം. കണക്കനുസരിച്ച് 14 ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. 2 ലക്ഷം ലിറ്റര്‍ പാല്‍ അയല്‍സംസ്ഥാനത്തുനിന്നാണ് വാങ്ങുന്നതെന്നും അവര്‍ അറിയിച്ചു. പാല്‍ ഉത്പാദനത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്. പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്.
എന്‍.ഡി.ഡി.ബി പ്രോമിസിംഗ് മില്‍ക്ക് യൂണിയനായി എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയനെ തിരഞ്ഞെടുത്തതിന്റെ ഭാഗമായി നടപ്പിലാക്കുന്ന 8 കോടി രൂപയുടെ പദ്ധതികളോടനുബന്ധിച്ച് ക്ഷീരകര്‍ഷകര്‍ക്കുള്ള സ്റ്റീല്‍ മില്‍ക്ക് ക്യാനുകളുടെ വിതരണോദ്ഘാടനവും, എച്ച്.2.എഫ് (ഹെല്‍പ് ടു ഫാര്‍മേഴ്‌സ് ) പദ്ധതികളുടെ ധനസഹായ വിതരണവും പെരിങ്ങാവ് ചാക്കോളാസ് പലാസ്സോ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
എല്ലാ ജില്ലകളിലും കിടാരി പാര്‍ക്കുകള്‍ സ്ഥാപിക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പശുക്കളെ കൊണ്ടുവരുന്നതിനാല്‍ പലതരം രോഗങ്ങള്‍ പടരുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കും. ക്ഷീരകര്‍ഷകര്‍ക്ക് ഡോക്ടറുടെ സേവനം ലക്ഷ്യമാക്കാന്‍ കോള്‍ സെന്റര്‍ സ്ഥാപിക്കും. 1962 നമ്പറില്‍ വിളിച്ചാല്‍ ഡോക്ടറുടെ വാതില്‍പ്പടി സേവനം കിട്ടും വിധത്തിലുള്ള പദ്ധതിയാണിതെന്നും അവര്‍ പറഞ്ഞു. ചടങ്ങില്‍ ടി.എന്‍.പ്രതാപന്‍ എം.പി മുഖ്യാതിഥിയായി. മേയര്‍ എം.കെ.വര്‍ഗീസ് അധ്യക്ഷനായി. ദേശീയ ക്ഷീരകര്‍ഷക വികസന ബോര്‍ഡ് ചെയര്‍മാന്‍ മീനേജ് സി.ഷാ ,ഇ.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ എം.ടി.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *