പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സജീഷ് കുട്ടനെല്ലൂർ സമകാലിക സംഭവങ്ങളെ നർമ്മത്തിൽ കോർത്തിണക്കി മലയാളി മീഡിയയിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള പരിപാടിയായ “ഠപ്പേ” 100 എപ്പിസോഡ് പിന്നിട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.
മുണ്ഡനം ചെയ്ത ശിരസ്സ് മുഖമുദ്രയായുള്ള സജീഷ് മൊട്ടത്തലയെപ്പറ്റി ചെയ്ത വീഡിയോ മൂന്നു മില്യൻ ആളുകളാണ് കണ്ടത്.
മനുഷ്യ ജീവിതത്തെ സദ്യയിലെ എരിവിനോടും പുളിയോടും മധുരത്തോടും ചവർപ്പിനോടും ഉപമിച്ച് കൊണ്ട് ചെയ്ത വീഡിയോ മലയാളികളുടെ വാട്സാപ്പ് സ്റ്റാറ്റസുകളിലൂടെ ഏറെ നാൾ കറങ്ങി നടക്കുകയുണ്ടായി. സ്റ്റാൻഡ് അപ്പ് കോമഡി എന്ന കലാരൂപം മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച സജീഷ് കുട്ടനെല്ലൂർ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ധാരാളം പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്.
” മനുഷ്യരെ സ്പർശിക്കുന്ന നർമ്മത്തിനേ നിലനിൽപ്പുള്ളൂ, ചിരിയിൽ ഒളിപ്പിച്ച ചിന്തകൾ ആളുകൾക്ക് കൂടുതൽ ആസ്വാദ്യകരമാകും. ലോകം സ്പീഡിലാണ് അതുപോലെ ആസ്വാദനവും മാറിക്കഴിഞ്ഞു അവിടെയാണ് റീൽസിന്റെയും ഷോർട്ടിന്റേയും പ്രസക്തി എന്ന് സജീഷ് പറഞ്ഞു.
“ഠപ്പേ” യിലെ ചില കുട്ടനെല്ലൂക്കാരൻ പ്രയോഗങ്ങൾ
🔹എയർ കണ്ടീഷൻ ലൈഫ് ഒക്കെ ആണ് നമ്മുടെ, പക്ഷേ
ഉറങ്ങണമെങ്കിൽ ഉറക്കഗുളിക വേണം എന്നാണ് സ്ഥിതി
🔹പ്രണയം പട്ടം പോലെയാണ് എപ്പോ വേണമെങ്കിലും പൊട്ടി പോകാം,പൊട്ടിയ ചരട് തിരിച്ചുവന്നു കഴുത്തിൽ കുരുക്കുമാകാം
🔹 നാട്ടിലെ ചില വഴികളൊക്കെ കുഴികളായി, ഇനി ഒറ്റ വഴിയേയുള്ളൂ കുഴികളെ വഴികളാക്കി നമുക്ക് കുഴിച്ചു കുഴിച്ചു പോകാം
🔹പെണ്ണുകാണാൻ വരുന്ന ചെറുക്കന്മാരേക്കാൾ പെൺപിള്ളേർക്കിഷ്ടം ഗവൺമെന്റിനോടാണ്.
🔹ഷൈൻ ടോം ചാക്കോ
അഭിനയിക്കുമ്പോൾ ഗംഗയാണ് ഇന്റർവ്യൂവിന് ഇരിക്കുമ്പോൾ നാഗവല്ലിയും
🔹’ചാലിൽ വീണാലും അത് ചാനലിൽ കാട്ടണം’ എന്നാണ് മലയാളി മൈൻഡ് സെറ്റ്
🔹കൂലി തരാൻ സർക്കാരും കൈക്കൂലി തരാൻ നാട്ടാരും ഉള്ളപ്പോൾ ഈ ജോലി പരമാനന്ദം
🔹സോഷ്യൽ മീഡിയയിൽ സിനിമ റിവ്യൂ ചെയ്യുന്നോർക്ക് കലയുമായിട്ട് ഒരു ബന്ധവുമില്ല കൊലയുമായിട്ടാണ് ബന്ധം.
🔹ഹോട്ടലിന്റെ പേര് ‘മമ്മീസ് രുചി കേന്ദ്ര’ ഈജിപ്തിലെ മമ്മി യെക്കാൾ പഴക്കമുള്ള ഫുഡാണ് അവിടെ ഉള്ളത് ‘കഴിച്ചാൽ ചിലപ്പോ വയറു ഷോട്ടായി ആള് ഫ്യൂസ് ആകും.