Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഇന്ത്യ – പാക്ക് സംഘർഷം സൈനിക തലത്തിൽ. ഇന്ത്യൻ തിരിച്ചടിയിൽ 7 ഇടങ്ങളിൽ പാക്ക് റഡാർ സംവിധാനങ്ങൾ തകർന്നു

ഡൽഹി: ബുധനാഴ്ച പുലർച്ചെ പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യം വച്ച് നടന്ന ഇന്ത്യൻ മിസൈൽ ആക്രമണത്തിന് മറുപടി നൽകാൻ ലക്ഷ്യം വെച്ച് 15 ഇന്ത്യൻ നഗരങ്ങളിലേക്ക് പാക്കിസ്ഥാൻ രാത്രിയിൽ മിസൈലുകളും – ഡ്രോണുകളും ഉപയോഗിച്ചു നടത്തിയ ആക്രമണ ശ്രമം ഇന്ത്യയുടെ എസ് 400 സുദർശനചക്രം മിസൈൽ പ്രതിരോധ സംവിധാനം തകർത്തു.

പാക്കിസ്ഥാനിൽ നിന്ന് തൊടുത്ത മിസൈലുകൾ ഉത്ഭവിച്ച കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ഇസ്രയേൽ നിർമ്മിത ഹാർപ്പി ഡ്രോണുകൾ ഉപയോഗിച്ചുള്ള തിരിച്ചടിയിൽ ലഹോർ, കറാച്ചി, സിയാൽകോട്ട് എന്നിവിടങ്ങളിൽ ചൈന പാക്കിസ്ഥാന് നൽകിയ എച്ച് ക്യൂ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർന്നു. കാശ്മീരിലെയും, പഞ്ചാബിലെയും, ഗുജറാത്തിലെയും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചാണ് പാക്കിസ്ഥാൻ ആക്രമണ ശ്രമം നടത്തിയത്.

ഇന്ത്യൻ തിരിച്ചടിയിൽ പാക്കിസ്ഥാനിലെ ചക്വാൽ, ഗുജറാൻവാല, നറോവൽ, ഷെയ്ക്കുപുര, ബഹാവൽപൂർ എന്നിവിടങ്ങളിൽ കൂടി ഹാർപ്പി ഡ്രോണുകൾ പതിച്ചു. ഇന്ത്യയിലേക്ക് മിസൈലുകൾ അയച്ച പ്രദേശങ്ങളിലേക്ക് മാത്രം കേന്ദ്രീകരിച്ച് ആയിരുന്നു പ്രത്യാക്രമണമെന്നും ഇത്തരം പരിമിതമായ ആക്രമണങ്ങൾ മാത്രം ഇന്ത്യ നടത്തുന്നത് മാനിക്കാതെ വന്നാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും എന്ന് പാക്കിസ്ഥാന് ഇന്ത്യൻ സേനയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും താക്കീത് നൽകി.

അതിനിടെ ഇന്ത്യൻ ആക്രമങ്ങളെ പ്രതിരോധിക്കുവാനുള്ള റഡാർ പ്രതിരോധ സംവിധാനങ്ങൾ മുഖ്യ നഗരങ്ങളിൽ തകർന്നതിനാൽ വലിയ ആശങ്കയിലാണ് പാക്കിസ്ഥാൻ. ലഹോറിൽ നിന്ന് തങ്ങളുടെ എല്ലാ പൗരന്മാരും ഒഴിഞ്ഞു പോകണമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാനിലെ സൈനിക ആസ്ഥാനം സ്ഥിതിചെയ്യുന്ന റാവൽപിണ്ടി നഗരത്തിൽ നടത്താനിരുന്ന ക്രിക്കറ്റ് മത്സരങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉപേക്ഷിച്ചു. എല്ലാ പാക്കിസ്ഥാൻ ക്രിക്കറ്റർമാരോടും റാവൽപിണ്ടിയിൽനിന്ന് മാറിനിൽക്കുവാനും നിർദ്ദേശം നൽകി. ഡ്രോൺ ആക്രമത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ നടത്താനിരുന്ന റാവൽപിണ്ടി സ്റ്റേഡിയത്തിനടുത്തും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

പാക്കിസ്ഥാനെ ഇന്ത്യയിൽ നിന്ന് രക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ട് പാക്കിസ്ഥാൻ സൈന്യത്തിലെ മുൻ മേജർ താഹിർ ഇക്ബാൽ ജനറൽ അസംബ്ലിയിൽ കരഞ്ഞപേക്ഷിക്കുന്ന രംഗങ്ങളും പാക്കിസ്ഥാൻ ചാനലുകൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1999 ൽ കണ്ടഹാർ വിമാന റാഞ്ചലിൻ്റെ മുഖ്യസൂത്രധാരനും ജയ്ഷേ ഇ മുഹമദ് തലവൻ മസൂദ് അസറിന്റെ സഹോദരനുമായ അബ്ദുൾ റൗഫ് അസർ എന്ന കൊടും ഭീകരനും ഇന്നലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

കാശ്മീർ അതിർത്തിയിൽ തുടരുന്ന പാക്കിസ്ഥാൻ്റെ ഷെൽ ആക്രമണത്തിൽ മൂന്നു സ്ത്രീകളും അഞ്ചു കുട്ടികളും അടക്കം 16 ഗ്രാമവാസികൾ ഇന്ത്യൻ പ്രദേശങ്ങളിൽ കൊല്ലപ്പെട്ടതായി സൈന്യം ഔദ്യോഗികമായി അറിയിച്ചു. ഒരു സൈനികനും വീരമൃത്യു വഹിച്ചിട്ടുണ്ട്. മുൻപ് നടന്ന ഇന്ത്യ- പാക്ക് യുദ്ധങ്ങളെയും സംഘർഷങ്ങളെയും അപേക്ഷിച്ച് അതിനൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃത്യതയാർന്ന പ്രത്യാക്രമണമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

Leave a Comment

Your email address will not be published. Required fields are marked *