തൃശൂര്‍: കലശദിനത്തില്‍ വടക്കുന്നാഥന്റെ സവിധത്തില്‍ ഇതാദ്യമായി അരങ്ങേറിയ പഞ്ചാരിമേളം മേളാസ്വാദകരുടെ മനം നിറച്ചു. മേളകുലപതി പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ നൂറ്റിയന്‍പതോളം വാദ്യകലാകാരന്‍മാരാണ് രണ്ട് മണിക്കൂറില്‍ വടക്കുന്നാഥന്റെ പടിഞ്ഞാറേ ഗോപുരകവാടത്തില്‍ നാദഗോപുരം തീര്‍ത്തത്. കഴിഞ്ഞ 24 വര്‍ഷമായി തൃശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിന് പ്രമാണം വഹിച്ച പെരുവനം കുട്ടന്‍മാരാര്‍ ഇലഞ്ഞിമരം സാക്ഷിയായാണ് പഞ്ചാരി കൊട്ടിയത്. ഇത്തവണ 25-ാം വര്‍ഷം പെരുവനം കുട്ടന്‍മാരാര്‍ക്ക് പകരം കിഴക്കൂട്ട് അനിയന്‍മാരാര്‍ക്കാണ് ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണം.
കലശദിനത്തിന്റെ ഭാഗമായി വടക്കുന്നാഥക്ഷേത്രത്തില്‍ രാവിലെ മുതല്‍ പ്രത്യേക പൂജകള്‍ നടന്നു. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ശ്രീരുദ്രജപം നടത്തി. തുടര്‍ന്ന് നവകം, പഞ്ചഗവ്യം, അഭിഷേകങ്ങള്‍, ശ്രീഭൂതബലി, തുടങ്ങിയ ചടങ്ങുകള്‍ നടത്തി. ഉച്ചയ്ക്ക് നടന്ന പ്രസാദഊട്ടില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
ജില്ലാകളക്ടര്‍ കൃഷ്ണ തേജ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.കെ.സുദര്‍ശന്‍, അംഗം മുരളീധരന്‍, കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഷാജന്‍, ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറി ടി.ആര്‍.ഹരിഹരന്‍, പ്രസിഡണ്ട് പങ്കജാക്ഷന്‍, കണ്‍വീനര്‍മാരായ ശ്രീകുട്ടന്‍ മങ്ങാട്,അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടത്തിയത്.