Newsskerala

കുരിയച്ചിറയില്‍  അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച അധ്യാപിക അറസ്റ്റില്‍

തൃശൂര്‍: കുരിയച്ചിറ സ്‌കൂളില്‍  അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് തൃശൂര്‍ കുരിയച്ചിറ സെന്റ് ജോസഫ് യു.പി. സ്‌കൂളിലെ അധ്യാപിക സെലിന്‍ രാത്രിയോടെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇന്ന് പതിനൊന്ന് മണിയോടെ ഇവരെ കോടതിയില്‍ ഹാജരാക്കും.

തൃശൂര്‍ കുരിയച്ചിറ സെന്റ് ജോസഫ് യു.പി സ്‌കൂളിലാണ് ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചര്‍ സെലിന്‍ അഞ്ചുവയസ്സുകാരന്റെ  ഇരു കാല്‍മുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു.

സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കെയാണ് ഇന്നലെ അറസ്റ്റ് ചെയ്യുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ  സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിച്ചിരുന്നു.

സ്‌കൂള്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിനായി ശ്രമിച്ചെന്നും താന്‍ വഴങ്ങിയില്ലെന്നും രക്ഷിതാവ് ആരോപിച്ചിരുന്നു.  അധ്യാപികയെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *