അയോദ്ധ്യയിൽ രാംലല്ല മിഴിതുറന്നു ; ഇനി രാമോത്സവം
കൊച്ചി: രാമജപസാന്ദ്രമായ അയോധ്യയില്‍, നെയ്വിളക്കുകളുടെ പ്രഭയില്‍ ബാലരാമന് അഞ്ജനമിഴികള്‍ തുറന്നു. 12.20നായിരുന്നു രാജ്യം കാത്തിരുന്ന പ്രാണപ്രതിഷ്ഠ നടന്നത്. ഭക്തിയുടെ നിറവിലാണിപ്പോള്‍ രാമജന്മഭൂമി. നേരത്തെ തേനും നറുനെയ്യുമൊഴിച്ച വിഗ്രഹത്തിന്റെ കണ്ണുകള്‍ ചേല ഉപയോഗിച്ചു മറച്ചിരുന്നു. കണ്ണുകള്‍ മൂടിക്കെട്ടിയ ചേല അഴിച്ചുമാറ്റിയ ശേഷമായിരുന്നു സ്വര്‍ണസൂചിയില്‍ അഞ്ജനമെടുത്ത് ബാലരാമന്റെ കണ്ണെഴുതിയത്. മിഴിതുറന്നതോടെ പൂര്‍ണ ദേവചൈതന്യത്തിന്റെ പ്രഭയിലായി രാമവിഗ്രഹം. 125 ആചാര്യന്മാരാണ് ചടങ്ങുകളുടെ ഭാഗമായത്.
കഴിഞ്ഞ 16 ന് ആരംഭിച്ച പൂജകള്‍ക്കൊടുവിലായിരുന്നു പ്രാണപ്രതിഷ്ഠ. രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റംഗം അനില്‍ മിശ്രയും ഭാര്യ ഉഷയുമായിരുന്നു പൂജകളുടെ പ്രധാന കാര്മികര്.
വാരാണസിയിലെ ലക്ഷ്മികാന്ത് ദീക്ഷിതായിരുന്നു മുഖ്യപുരോഹിതന്‍. പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ രാവിലെ 11 നു തുടങ്ങി 11 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമജന്മഭൂമിയിലെത്തി 12.05നു പ്രധാനചടങ്ങുകള്‍ക്കു തുടക്കമായി. 12.30നു പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്തു. നാളെ ക്ഷേത്ര സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.