തൃശ്ശൂര്‍ : വയനാട് ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്ന്് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചു. ഈ വിഷയത്തില്‍ അനാവശ്യ വിവാദത്തിലേക്ക്്് പോകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജനാധിപത്യപരമായ പ്രതിഷേധവും എതിര്‍പ്പും ആര്‍ക്കും ഉന്നയിക്കാം. ദുരന്തത്തിനിരയായവരുടെ മനസില്‍ ആശങ്ക ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രകോപനത്തിലേക്ക് ആരും പോകരുത്.
ഡി.ഡി.എം.എയാണ് വീടുകളുമായി ബന്ധപ്പെട്ട പട്ടിക തയാറാക്കുന്നത്. സര്‍ക്കാര്‍ അതില്‍ ഇടപെടില്ല. ഇനിയും പരാതികളുണ്ടെങ്കില്‍ സര്‍ക്കാര്‍ പട്ടികയില്‍ ഇടപെടാം..
വയനാട്ടില്‍ ദുരന്തബാധിതരുടെ പ്രശ്‌നങ്ങളില്‍, അവശേഷിക്കുന്ന കാര്യങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തുകഴിഞ്ഞു. 61 ദിവസത്തിനകം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റ് ഏറ്റെടുത്തു. ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും ലിസ്റ്റാണ് തയാറാക്കിയത്. ഇവരെയാണ് ഒന്നും രണ്ടും ഘട്ടമായി തയാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഇവര്‍ക്ക് സ്ഥലം നല്‍കും. 1000 സ്‌ക്വയര്‍ ഫീറ്റില്‍ വീട് വെച്ച് നല്‍കും. 12 വര്‍ഷത്തേക്ക് വില്‍ക്കാന്‍ പാടില്ലെന്നത് ഭൂപതിവ് ചട്ട പ്രകാരം നേരത്തെയുള്ള നിബന്ധന മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു. ഒരു വീടിന് 30 ലക്ഷവും ജിഎസ്ടിയുമാണ് നിര്‍മ്മാണ ഏജന്‍സി നല്‍കിയ കണക്ക്. 20 ലക്ഷം സ്‌പോണ്‍സര്‍ നല്‍കിയാല്‍ ബാക്കി തുക മെറ്റീരിയലായും അല്ലാതെയും കണ്ടെത്തും. ‘നോ ഗോ’ സോണില്‍ അവശേഷിക്കുന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ പൊളിച്ചുകളയാന്‍ നടപടിയെടുക്കും. അവിടെ കൃഷിയും മറ്റും ചെയ്യാന്‍ ഉടമസ്ഥര്‍ക്ക് അവകാശമുണ്ടെന്നും മന്ത്രി അറിയിച്ചു
ദുരന്തബാധിതരില്‍ 2,188 പേര്‍ക്കുള്ള ദിനബത്തയും ദുരന്തബാധിതര്‍ക്കുള്ള ചികിത്സയും ഉറപ്പാക്കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കുന്നവരുടെ ബില്ല് ഡി.എം.ഒക്ക് സമര്‍പ്പിക്കണം. ഡി.എം.ഒ തുക അനുവദിക്കും. 8 പ്രധാന റോഡുകള്‍, 4 പാലങ്ങള്‍ എന്നിവ കൊണ്ടുവരും. മൈക്രോപ്ലാന്‍ അനുസരിച്ച് ആയിരത്തിലേറെ കുടുംബങ്ങള്‍ക്ക് ജീവനോപാധി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.