മോദി നാളെ തൃശൂരില്‍; 2 ലക്ഷം വനിതകളുടെ
മഹിളാ സംഗമം തേക്കിന്‍കാട് മൈതാനത്ത്
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ കാവി പുതച്ച് കൊടിതോരണങ്ങളുമായി പൂരനഗരം ഒരുങ്ങി. സ്പെഷൽ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെയും കേന്ദ്രസേനയുടെയും സുരക്ഷാവലയത്തിലാണ് നഗരം.
ഇതിനിടെ പ്രധാനമന്ത്രിയുടെ പരിപാടികളില്‍ മാറ്റം വരുത്തി. ഒരു മണിക്കൂര്‍ നേരത്തെയാക്കി. മൂന്ന് മണിക്കു പകരം രണ്ട് മണിക്ക് ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂര്‍ ഹെലിപ്പാഡില്‍ പ്രധാനമന്ത്രി ഇറങ്ങും. തുടര്‍ന്നു റോഡ് മാര്‍ഗം തൃശൂരിലേക്ക് പോകും.
കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും. ബി.ജെ.പിയുടെ നേതൃത്വത്തില്‍ കുട്ടനെല്ലൂരിലും ജില്ലാ ജനറല്‍ ആശുപത്രിക്കു സമീപവും സ്വീകരണമൊരുക്കുന്നുണ്ട്. 2.30ന് സ്വരാജ് റൗണ്ടിലെത്തുന്നതുമുതല്‍ നായ്ക്കനാലിലെ സമ്മേളന വേദിയിലേക്കുള്ള ഒരു കിലോമീറ്ററാണ് റോഡ് ഷോ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാജ്യത്ത് തന്നെ പ്രധാനമന്ത്രി നടത്തുന്ന ആദ്യ റോഡ് ഷോയാണ് തൃശ്ശൂരിലേത്. തേക്കിന്‍കാട് മൈതാനത്ത് നായ്ക്കനാലില്‍ 3 മണിക്ക് പൊതുസമ്മേളനം തുടങ്ങും.
2 ലക്ഷം വനിതകള്‍ അണിനിരക്കുന്ന ബി.ജെ.പി മഹിളാ സമ്മേളനത്തില്‍ മോദി പങ്കെടുക്കും. റോഡ് ഷോയും പൊതുസമ്മേളനവുമടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം
മോദി ശക്തന്റെ തട്ടകത്തുണ്ടാകും.
കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അണിനിരക്കുന്ന വേദിയില്‍ തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുമുണ്ടാകും. 4.30ന് പധാനമന്ത്രി മടങ്ങും.