തൃശൂര്‍: അപൂര്‍വതയും, അത്ഭുതവുമായി കേവലം 5 മില്ലി മീറ്ററിലുള്ള സൂക്ഷ്മസംക്ഷിപ്ത രാമായണം പുറത്തിറങ്ങി. പുറനാട്ടുകര സ്വദേശിയായ ആറ്റൂര്‍ സന്തോഷ് കുമാറാണ് ലെന്‍സ് ഉപയോഗിച്ച് മാത്രം സുഗമമായി വായിക്കാവുന്ന ഈ കുഞ്ഞന്‍ രാമായണ ഗ്രന്ഥം തയ്യാറാക്കിയത്. 5 മില്ലി മീറ്റര്‍ വീതിയും 5 മില്ലി മീറ്റര്‍ നീളവുമുളള സൂക്ഷ്മ രാമായണം ലോകത്തില്‍ തന്നെ ആദ്യമാണെന്ന് സന്തോഷ്‌കുമാര്‍ പറയുന്നു.
201 പേജുകളിലൂടെ, മലയാളത്തിലെ ‘അ’ മുതല്‍ ‘റ’ വരെയുള്ള 51 അക്ഷരങ്ങളില്‍, 603 വാക്കുകളിലാണ് രാമകഥ ഇതള്‍ വിടരുന്നത്. കോവിഡ് ദുരിതകാലത്ത് അടച്ചുപൂട്ടലിന്റെ ഏകാന്തതയിലാണ് തനിക്ക് ഇത്തരമൊരു ആശയം തോന്നിയതെന്ന് സന്തോഷ്‌കുമാര്‍ പറഞ്ഞു. സന്തോഷ്‌കുമാര്‍ രചിച്ച ശത്രുഘ്‌നമൗനം എന്ന പേരിലുള്ള പുസ്തകം നേരത്തെ തന്നെ വില്‍പനയിലുണ്ട്. ഭാഷാ സ്‌നേഹിയായ സന്തോഷ്‌കുമാര്‍ ഇത്തരത്തില്‍ കൂടുതല്‍ പുസ്തകങ്ങള്‍ക്കായുളള തയ്യാറെടുപ്പിലാണിപ്പോള്‍. കുഞ്ഞന്‍ രാമായണത്തിന് ആവശ്യക്കാര്‍ ഏറിയതോടെ കൂടുതല്‍ കോപ്പികള്‍ പുറത്തിറക്കുമെന്നും സന്തോഷ്‌കുമാര്‍ പറഞ്ഞു.