തൃശൂര്‍: ലോക്‌സഭാ ഇലക്ഷന്‍ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുന്ദംകുളത്ത് എത്തുന്നതിന് മുന്‍പേ ജില്ലയിലെ ചില പ്രധാന സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയേറി. സി.പി.എമ്മിന്റെ ജില്ലയിലെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാനും നീക്കമുണ്ട്. അടുത്ത ദിവസങ്ങളിലായി നിര്‍ണായക നീക്കങ്ങളും നടപടികളും ഉണ്ടാകുമെന്നറിയുന്നു.
സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിനെയും, എം.പി. പി.കെ.ബിജുവിനെയും, ഇ.ഡി വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ജില്ലയില്‍ സി.പി.എമ്മിന് 81 ബാങ്ക് എക്കൗണ്ടുകളുണ്ടെന്നും ഇ.ഡി. കണ്ടെത്തി.
തൃശൂരിലെ സി.പി.എം എക്കൗണ്ടുകളെല്ലാം ഇ.ഡിയുടെ നിരീക്ഷണത്തിലാണ്. കരുവന്നൂര്‍ സഹകരണബാങ്ക് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സി.പി.എം നേതൃത്വം ഇ.ഡിയുടെ നോട്ടപ്പുള്ളിയായത്. മുന്‍മന്ത്രി കൂടിയായ എ.സി.മൊയ്തീന്‍ എം.എല്‍.എ, കേരള ബാങ്ക് വൈസ് പ്രസിഡണ്ട് എം.കെ.കണ്ണന്‍ എന്നിവരെയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന്്് പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണ്‍ സംഭാഷണത്തിനിടെ ആലത്തൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ടി.എന്‍.സരസുവിനെ അറിയിച്ചിരുന്നു. സഹകരണബാങ്ക്് മേഖലയെ ശുദ്ധീകരിക്കുമെന്നും മോദി ഫോണ്‍സംഭാഷണത്തില്‍ ഉറപ്പ് നല്‍കി.
സി.പി.എം സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം സി.പി.എമ്മിന് 101 സ്ഥാവരജംഗമ വസ്തുക്കളുണ്ടെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഐ.ടി വകുപ്പിന് നല്‍കിയ കണക്കില്‍ കാണിച്ചത് ഒരു കെട്ടിടം മാത്രമാണെന്നും ഏഴ് വസ്തുക്കള്‍ വിറ്റെന്നുമാണ് ലഭിക്കുന്ന വിവരം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയില്‍ നിന്ന് സ്വത്തുക്കളുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
ആദായനികുതി കണക്കില്‍ കാണിച്ചത് ജില്ലാ ആസ്ഥാനത്തെ സ്വത്തുവിവരം മാത്രമാണ്. പ്രാദേശികതലത്തില്‍ പാര്‍ട്ടി ഓഫീസ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട ഫണ്ട് പിരിവില്‍ ഇ.ഡി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഇത്തരത്തില്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ഇ.ഡി സംശയിക്കുന്നത്.
നേരത്തേ കരുവന്നൂരില്‍ സി.പി.എമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. തൃശ്ശൂരിലുള്ള 25-ഓളം അക്കൗണ്ടുകള്‍ ഇത്തരത്തില്‍ രഹസ്യ അക്കൗണ്ടുകളായി പ്രവര്‍ത്തിച്ചെന്നും കണ്ടെത്തി. ഈ വിവരങ്ങള്‍ റിസര്‍വ് ബാങ്കിനേയും ഇലക്ഷന്‍ കമ്മിഷനേയും അറിയിച്ചിരുന്നു. പിന്നാലെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. എം.എം വര്‍ഗീസിനെ ചോദ്യം ചെയ്തതിന് പിന്നാലെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.