തിരുവനന്തപുരം: കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുമുഖം-എയര്‍പോര്‍ട്ട് റോഡ് ഫെബ്രുവരിയില്‍ പൂര്‍ണമായും വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
മുന്നൂറ്റി അറുപത് മീറ്റര്‍ നീളമുള്ള ഡയഫ്രം വാളാണ് റോഡിനായി നിര്‍മ്മിക്കുന്നത്. ഡയഫ്രം വാള്‍ പണിയുന്നതിനായി നിര്‍മ്മിക്കുന്ന ഗൈഡ് വാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച ആരംഭിച്ചുവെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചശേഷം മന്ത്രി പറഞ്ഞു.
അനുകൂലമായ കാലാവസ്ഥ പ്രയോജനപ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ തീര്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പല ഘട്ടങ്ങളായി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിരവധി അവലോകന യോഗങ്ങള്‍ വിളിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (റോഡ്സ്) ആര്‍ ജ്യോതി, കൗണ്‍സിലര്‍ സെറാഫിന്‍ ഫ്രെഡി, കരാര്‍ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Photo Credit: Twitter