Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

6 ലക്ഷം കോടി കടം; ലങ്കയിൽ ജനം പ്രസിഡന്റ് കൊട്ടാരം കയ്യേറി 

അഴിമതിയും അതിനെതിരെയുള്ള പ്രക്ഷോഭങ്ങളും അവസാനിച്ച് ജനങ്ങൾക്ക് വിശ്വാസമുള്ള ഭരണസംവിധാനം നിലവിൽ വന്നാൽ  ശ്രീലങ്കയെ കയ്യഴഞ്ഞ് സഹായിക്കാൻ തയ്യാറാണെന്ന് ലോക ബാങ്കും ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കും തയ്യാറാവുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു

കൊച്ചി: ഇന്ധനത്തിനും, പാചകവാതകത്തിനും, ഭക്ഷ്യവസ്തുക്കൾക്കുമുള്ള ക്ഷാമം തീരുന്നില്ല. സർക്കാർ ഓഫീസുകൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രം പ്രവർത്തിക്കുന്നു. ജനങ്ങളുടെ അപേക്ഷകൾ സ്വീകരിക്കാനോ നടപടികൾ കൈക്കൊള്ളാനോ സർക്കാരിന് സാധിക്കുന്നില്ല. പെട്രോൾ അടിക്കാൻ മൂന്നും – നാലും ദിവസം വരിനിൽക്കണം. ലഭ്യമായ വസ്തുക്കൾക്കെല്ലാം തീപിടിച്ച വില.  6 ലക്ഷം കോടി രൂപ പൊതുകടം, 600 കോടി രൂപ പ്രതിമാസം തിരിച്ചടയ്ക്കണം. ഒരു ഡോളറിന് 362 ശ്രീലങ്കൻ രൂപയാണ് കറൻസിയുടെ മൂല്യം !

ഒടുവിൽ പ്രക്ഷോഭത്തിന് ഇറങ്ങിയ ശ്രീലങ്കക്കാർ കൊളംബോയിലെ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിലേക്ക് ഇടിച്ചുകയറി പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കി. കൊട്ടാരത്തിലെ മെത്തയിൽ കിടന്നും നീന്തൽ കുളത്തിൽ നീന്തിയും പ്രതിഷേധിച്ചു. 

കൊട്ടാരം കയ്യടക്കിയെങ്കിലും മറ്റു രീതിയിലുള്ള കലാപങ്ങളിലേക്ക് പ്രക്ഷോഭകാരികൾ ഇതുവരെ നീങ്ങിയിട്ടില്ല. ശമ്പളം കൃത്യമായി ലഭിക്കാത്ത പോലീസും പട്ടാളവും മിക്ക സ്ഥലങ്ങളിലും പ്രക്ഷോഭകാരികളെ തടയാൻ കാര്യമായ ശ്രമം നടത്തിയില്ല.

ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകൻ സനദ് ജയസൂര്യയും പ്രക്ഷോഭകാരികളോടൊപ്പം കാണപ്പെട്ടു. പ്രസിഡൻറ് സ്ഥാനമൊഴിയണമെന്ന് ജയസൂര്യ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മെയ് മാസം ഗോട്ടബയയുടെ ജ്യേഷ്ഠനായ മഹിന്ദ രാജപക്സെ പ്രക്ഷോഭം കണക്കിലെടുത്ത് രാജിവെച്ച് പ്രതിപക്ഷ സമവായത്തോടെ റെനിൽ വിക്രമസിഗെ പ്രധാനമന്ത്രിയാക്കിയത്.  

എന്നാൽ രണ്ടു മാസം കഴിഞ്ഞിട്ടും സാഹചര്യങ്ങളെ പഴിക്കുകയല്ലാതെ രാജ്യം നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾ നേരിടാൻ ഒരു നടപടിയും പുതിയ സർക്കാർ എടുത്തിട്ടില്ല.

പ്രക്ഷോഭകാരികളുടെ ഉദ്ദേശം മുൻകൂട്ടി മനസ്സിലാക്കിയ ഗോട്ടബയ അവർ കൊട്ടാരം കീഴടക്കും മുൻപേ രക്ഷപ്പെട്ടു. വിദേശത്തേക്ക് കടന്നു എന്ന് മാധ്യമ വാർത്തകൾ ഉണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ശ്രീലങ്കയിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രസിഡൻറ് കൊട്ടാരം വളഞ്ഞിരിക്കുന്നു. സ്ഥിതി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി റെനിൽ വിക്രമസിഗെ അടിയന്തരമായി സർവ്വകക്ഷി യോഗം വിളിച്ചു.

കേന്റി നഗരത്തിൽ പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷൻ കയ്യടക്കി. പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നത് അഴിമതിയിൽ മുങ്ങിയ രാജപക്സെ കുടുംബം അധികാരത്തിൽ നിന്നും മുഴുവനായും മാറിനിൽക്കണമെന്നാണ്.

10% വരുമാനം ടൂറിസത്തിൽ നിന്ന് ലഭിച്ചിരുന്ന ലങ്ക, കോവിഡ് പ്രതിസന്ധി വന്നതോടെ വെട്ടിലായി. 2019 – ൽ ഈസ്റ്റർ ദിനത്തിൽ പള്ളികളിൽ 359 പേരുടെ മരണത്തിനിടയാക്കിയ ഐ.എസ്.ഐ. എസിന്റെ മനുഷ്യ ബോംബ് സ്ഫോടന പരമ്പരക്ക് ശേഷം വിനോദസഞ്ചാരികൾ കുറഞ്ഞിരുന്നു. പൂർണ്ണമായും ജൈവകൃഷിയിലേക്ക് മാറണമെന്ന തെറ്റായ തീരുമാനം ഭക്ഷ്യവിഭവങ്ങളുടെ ഉൽപാദനത്തെ കാര്യമായി ബാധിച്ചു. ഉക്രൈൻ യുദ്ധവും ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചു.

നിർത്തലാക്കിയ നികുതികൾ പുനസ്ഥാപിക്കുക. അഴിമതി കുറ്റം ചുമത്തിയ എല്ലാ രാഷ്ട്രീയക്കാരുടെയും സ്വത്തുക്കൾ ഉടൻ കണ്ടുകെട്ടുക, ഭരിക്കുന്നവർ സ്വജനപക്ഷപാതം ഒഴിവാക്കുക, എന്നിവയാണ് വിദഗ്ധർ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള മാർഗങ്ങളായി കാണുന്നത്.

അഴിമതിയും അതിനെതിരെയുള്ള പ്രക്ഷോഭങ്ങളും അവസാനിച്ച് ജനങ്ങൾക്ക് വിശ്വാസമുള്ള ഭരണസംവിധാനം നിലവിൽ വന്നാൽ  ശ്രീലങ്കയെ കയ്യഴഞ്ഞ് സഹായിക്കാൻ തയ്യാറാണെന്ന് ലോക ബാങ്കും ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കും തയ്യാറാവുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *