മത്സര പരീക്ഷണമെന്ന് പരാതി
തൃശൂര്‍: അപ്പീലുകളുടെ ആധിക്യവും, ഇന്നലെ രാത്രി പെയ്ത അപ്രതീക്ഷിത മഴയും മൂലം റവന്യൂ ജില്ലാ കലോത്സവ മത്സരങ്ങളുടെ താളം തെറ്റി. പല മത്സരങ്ങളും മണിക്കൂറൂകളോളം വൈകി. ഇത് മത്സരാര്‍ത്ഥികളെ തളര്‍ത്തുന്നു.
ഒന്നാം വേദിയായ ചെമ്പൂക്കാവ് ഹോളി ഫാമിലി സ്‌കൂളില്‍ മൈക്ക് ഓപ്പറേറ്റര്‍ എത്താത്തതിനാല്‍ നാടോടി നൃത്ത മത്സരം മണിക്കൂറുകളോളം വൈകി. മത്സരങ്ങള്‍ വൈകിയതിനാല്‍ ഇന്ന് രാവിലെ 6 മണിക്ക് മാത്രമാണ് മൈക്ക് ഓപ്പറേറ്റര്‍ പോയത്.
മൈക്ക് ഓപ്പറേറ്ററുടെ അഭാവത്തില്‍ രാവിലെ 9 മണിക്ക് തുടങ്ങേണ്ട മത്സരം പതിനൊന്നര മണിയായിട്ടും തുടങ്ങിയിട്ടില്ല. മേക്കപ്പിട്ട മത്സരാര്‍ത്ഥികള്‍ ഭക്ഷണം പോലും കഴിക്കാതെയാണ് കാത്തിരിക്കുന്നത്.
ഇവിടെ ഇന്നലെ അരങ്ങേറിയ വൃന്ദവാദ്യം ഇന്ന് വെളുപ്പിന് 6 മണിയോടെയാണ് അവസാനിച്ചത്. മഴ മൂലം ഇന്നലെ എല്ലാ വേദികളിലും രാത്രി 11 മണിക്ക് ശേഷം ഏറെ വൈകി മാത്രമാണ് മത്സരങ്ങള്‍ തുടങ്ങിയത്. ഇതിനിടെ മത്സരങ്ങള്‍ പലതും പല സ്റ്റേജുകളിലേക്ക് മാറ്റിയതും മത്സരക്രമങ്ങളുടെ താളം തെറ്റിച്ചു. മുന്നൊരുക്കങ്ങളിലെ വീഴ്ചയില്‍ അധ്യാപക സംഘടനകള്‍ പ്രതിഷേധത്തിലാണ്. രക്ഷിതാക്കളും അതൃപ്തി അറിയിച്ചു. കലോത്സവത്തില്‍ പ്രധാന വേദികളിലൊന്നായ ഗവ.മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ വിധി കര്‍ത്താക്കള്‍ ഇരിക്കുന്ന ഭാഗത്ത് വെള്ളം കയറി. ഇതു മൂലം രാത്രി ഏറെ വൈകിയാണ് മത്സരങ്ങള്‍ തുടങ്ങിയത്. മത്സരവേദിയായ ഹോളി ഫാമിലി സ്‌കൂളില്‍ കര്‍ട്ടന്‍ ഉയര്‍ത്താന്‍ വരെ ആളില്ലെന്നാണ് പരാതി. മിക്ക വേദികളിലും മത്സരങ്ങള്‍ കാണാന്‍ ആളില്ല. സദസ്സ് കാലിയാണ്. സംഘനൃത്തം കാണാന്‍ മാത്രമാണ് തിരക്കുണ്ടായിരുന്നത്.
ഹൈസ്‌കൂള്‍ വിഭാഗം ഗ്രൂപ്പ് ഡാന്‍സിന്റെ ഫലം വൈകും. കോടതിയുടെ അനുമതിയോടെ മാത്രമാണ് ഫലം പ്രഖ്യാപിക്കുക. അപ്പീല്‍ ഉള്‍പ്പെടെ 15 ടീമുകള്‍ പങ്കെടുത്തു.