തിരുവനന്തപുരം: കെഎസ്‌യു നേതാക്കളെ മുഖംമൂടിയിട്ട് കോടതിയിലെത്തിച്ച സംഭവത്തില്‍ തൃശൂര്‍ വടക്കാഞ്ചേരി എസ്എച്ച്ഒ കെ.ഷാജഹാനെ സ്ഥലംമാറ്റി. സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. അച്ചടക്ക നടപടിയുടെ ഭാഗമായാണ് എസ്.എച്ച്.ഒ സ്ഥാനത്ത് നിന്ന് ഷാജഹാനെ നീക്കിയത്. പുതിയ ചുമതല നല്‍കിയിട്ടില്ല. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയിട്ടുള്ളത്.എസ്എഫ്‌ഐ നേതാക്കളെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായ കെഎസ് യു നേതാക്കളെയാണ് കൊടും ഭീകരാണെന്ന രീതിയില്‍ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയത്. കൈവിലങ്ങിട്ട് , മുഖംമൂടിയിട്ട് പ്രതികളെ കൊണ്ടുവന്ന രീതികണ്ട് കോടതിയും രോഷംകൊണ്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. മെഡിക്കല്‍ പരിശോധനയ്‌ക്കെത്തിച്ചപ്പോഴും പ്രതികളെ മുഖംമൂടി ധരിപ്പിച്ചാണ് കൊണ്ടുവന്നിരുന്നത്. പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു.
കൊയിലാണ്ടിയില്‍ നിന്ന് പിടികൂടിയ മൂന്ന് കെഎസ്‌യു നേതാക്കളെ വ്യാഴാഴ്ച രാത്രിയാണ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചത്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണു ചുമത്തിയിരുന്നത്. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് ആറ്റൂര്‍, കിള്ളിമംഗലം ഗവ. കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം, ഒറ്റപ്പാലം കോളേജിലെ കെഎസ്‌യു യൂണിറ്റ് ഭാരവാഹി അല്‍അമീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ ജിജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണു മുഖം മറച്ച്, വിലങ്ങണിയിച്ച് നേതാക്കളെ കോടതിയില്‍ കൊണ്ടുവന്നത്.
എസ്എഫ്‌ഐ ഏരിയാ സെക്രട്ടേറിയറ്റ് അംഗം ദേശമംഗലം ആദിത്യന്‍, കിള്ളിമംഗലം കോളേജ് യൂണിറ്റ് പ്രസിഡന്റ് എല്‍ദോസ് എന്നിവരെ ഓഗസ്റ്റ് 18നു മുള്ളൂര്‍ക്കര റെയില്‍വെ ഗേറ്റ് പരിസരത്ത് ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചുവെന്ന കേസിലാണ് കൊലപാതകശ്രമത്തിന് കേസെടുത്തത്. 8000 രൂപയും മൊബൈല്‍ ഫോണും കൈവശപ്പെടുത്തിയെന്ന കുറ്റവും ചുമത്തിയിരുന്നു.
വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനെ സ്ഥലം മാറ്റി
