തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ (23) പിതാവ് പേരുമല ആര്‍ച്ച് ജംഗ്ഷന്‍ സല്‍മാസില്‍ അബ്ദുല്‍ റഹീം നാട്ടിലെത്തി. രാവിലെ 7.55ന് തിരുവനന്തപുരം വിമാനത്താവളത്തിലാണ് റഹീം എത്തിയത്.ബന്ധുക്കള്‍ക്കൊപ്പം ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദര്‍ശിച്ചു. കട്ടിലില്‍ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞതായി റഹീമിന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.ഇളയമകന്‍ അഫ്‌സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. അഫാനെയും അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അഫാന് ഉണ്ടായത് വലിയ കടമുണ്ട്. നാട്ടില്‍ 14 പേരില്‍ നിന്നായി വാങ്ങിയത് 70 ലക്ഷം രൂപയാണ്. ഒരാളില്‍ നിന്ന് വാങ്ങി മറ്റൊരാളുടെ കടം വീട്ടല്‍ ആണ് ചെയ്തത്. വീട് വിറ്റ് കടം വീട്ടാനും ശ്രമിച്ചു. കടം കൈകാര്യം ചെയ്തത് ഉമ്മ ഷമീനയും അഫാനും ഒരുമിച്ചായിരുന്നു. കടക്കാര്‍ പണം തിരിച്ചു ചോദിച്ചതും പരിഹസിച്ചതും പ്രകോപനത്തിന് കാരണമായത്.നാട്ടിലെത്തിയ റഹീം ഡി.കെ. മുരളി എംഎല്‍എയുടെ ഓഫീസിലേക്കാണ് ആദ്യം ചെന്നത്. ഇവിടെ നിന്ന് പാങ്ങോട്ടെത്തി കൊല്ലപ്പെട്ട ഉറ്റവരുടെ കബറിടങ്ങള്‍ സന്ദര്‍ശിക്കും. റഹീമിന്റെ ഇളയമകന്‍, അമ്മ, സഹോദരന്‍, സഹോദരഭാര്യ എന്നിവരെ കബറടക്കിയിരിക്കുന്നത് താഴേപാങ്ങോട്ടുള്ള ജുമാ മസ്ജിദില്‍ ആണ്.സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് അബ്ദുല്‍ റഹീമിനു നാട്ടിലേക്കു തിരിക്കാനായത്. ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സാമൂഹ്യ സംഘടനകള്‍ ശ്രമം തുടങ്ങിയിരുന്നു. ഇതാണ് ഫലം കണ്ടത്.റഹീം നാട്ടില്‍ വന്നിട്ട് ഏഴ് വര്‍ഷമായി. ഇഖാമ കാലാവധി തീര്‍ന്നിട്ട് രണ്ടര വര്‍ഷമായി. മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് കാണണമെങ്കില്‍ പോലും നടപടികള്‍ തീരുന്നത് വരെ കാത്തിരുന്നേ പറ്റുമായിരുന്നുള്ളൂ.അതേസമയം, റഹീമിന്റെ മാനസികാവസ്ഥ കൂടി പരിഗണിച്ച് ചോദ്യംചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. റഹീമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. ഇത്രത്തോളം സാമ്പത്തിക ബാധ്യത കുടുംബത്തിന് എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള വിവരങ്ങള്‍ റഹീമില്‍നിന്നു പോലീസ് ചോദിച്ചറിയും.
.
.