Watch Video
തൃശൂര്‍: നടുവിലാലിലെ കുടുംബശ്രീ നടത്തുന്ന വുമണ്‍സ് ഫുഡ് കോര്‍ട്ടില്‍ തന്റെ ഇഷ്ടവിഭവങ്ങള്‍ തേടി സുരേഷ് ഗോപിയെത്തി. ഇരിങ്ങാലക്കുടയിലും ചേനത്തും സുരേഷ്‌ഗോപി പണി കഴിപ്പിച്ച വീടുകളുടെ ചടങ്ങുമായി ബന്ധപ്പെട്ട് തൃശൂരിലെത്തിയതായിരുന്നു മുന്‍ രാജ്യസഭാ എം.പി.
നാഷണല്‍ ഗെയിംസ് കേരളത്തില്‍ നടന്ന 2015ലാണ് കുടുംബശ്രീയുമായി ആദ്യം പരിചയപ്പെടുത്തുന്നതെന്നും പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കാനായി ഗെയിംസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നാലേകാല്‍ ലക്ഷം രൂപ ചിലവിട്ട് സേലത്ത് നിന്ന് സ്റ്റീല്‍ പ്ലേറ്റും, ഗ്ലാസും സ്പൂണുമെല്ലുാം എത്തിച്ചു നല്‍കിയിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.
തീര്‍ത്തും വിജയകരമായി പ്രവര്‍ത്തിക്കുന്ന നിരവധി സംരംഭക അവാര്‍ഡുകള്‍ നേടിയ നടുവിലാലിലെ കുടുംബശ്രീയുടെ വുമണ്‍സ് ഫുഡ് കോര്‍ട്ടിനെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും ഇന്ന് ഉച്ചയൂണിന് തന്റെ ഇഷ്ട വിഭവം എന്തെന്ന് കുടുംബശ്രീക്കാര്‍ ആരാഞ്ഞിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഇഷ്ടവിഭവങ്ങളായ പടവലങ്ങ തോരനും, കുമ്പളങ്ങ ഓലനും കുടുബശ്രീക്കാര്‍ ഇഷ്ടതാരത്തിന് വേണ്ടി ഒരുക്കിയിരുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ജില്ലാ സെക്രട്ടറി അഡ്വ.അനീഷ്‌കുമാര്‍ എന്നിവരും താരത്തെ അനുഗമിച്ചു.