കൊച്ചി: ജമ്മുകാഷ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരും സുരക്ഷാ ഏജന്‍സികളും തമ്മില്‍ വെടിവെയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്.
കുല്‍ഗാം വനമേഖലയില്‍ വച്ചാണ് വെടിവെപ്പുണ്ടായത്. ഇവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിവച്ചു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലിടങ്ങളില്‍ സൈന്യം ഭീകരര്‍ക്ക് സമീപത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരര്‍ നിലവില്‍ ദക്ഷിണകാഷ്മീരില് തന്നെയുണ്ട് എന്നാണ് സുരക്ഷാ ഏജന്‍സികളുടെ അനുമാനം. നാല് ഭീകരര്‍ക്കുമായി വ്യാപകമായ തിരച്ചിലാണ് കാഷ്മീര്‍ താഴ്വരയില് നടക്കുന്നത്.
സൈന്യവും സിആര്‍പിഎഫും ജമ്മുകാഷ്മീര്‍ പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കിടെ നാല് വ്യത്യസ്ത സ്ഥലങ്ങളില്‍ വച്ച് ഇവരെ കണ്ടെത്താന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് സാധിച്ചിരുന്നു.
അനന്ത്നാഗിലെ ഹാപ്പെത് നഗര്‍ ഗ്രാമത്തില്‍ വച്ചാണ് ആദ്യം ഭീകരരെ കണ്ടത്. തദ്ദേശവാസികളില്‍ നിന്നും വിവിധ സുരക്ഷാ ഏജന്‍സികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡുകള്‍ നടക്കുന്നത്.
ഇതിനിടെയാണ് ഇവരെ ഹാപ്പെത് നഗറില്‍ വച്ച് കണ്ടെത്തിയത്. പക്ഷെ ഇവര്‍ സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു. തുടര്‍ന്ന് കുല്‍ഗാം വനമേഖലയില്‍ ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു.
പക്ഷെ പിടികൂടുന്നതിന് മുമ്പ് തന്നെ ഭീകരര്‍ രക്ഷപ്പെട്ടു. സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷം ഭീകരര്‍ വനമേഖലയിലേക്ക് കടക്കുകയാണുണ്ടായത്.
മൂന്നാമത് ത്രാല്‍ മലനിരകളില്‍ വച്ചാണ് ഇവരെ സുരക്ഷാസേന കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാനം ഇവരെ കൊക്കെമാര്ഗ് മേഖലയിലാണ് കണ്ടെത്തിയതെന്നാണ് വിവരം. നിലവില്‍ ഭീകരര്‍ ഈ പ്രദേശത്ത് തന്നെയുണ്ടെന്നാണ് അനുമാനം.
ദക്ഷിണ കാഷ്മീരില്‍ നിന്ന് ജമ്മു മേഖലയിലേക്ക് കടക്കാനുള്ള ശ്രമമാണ് ഭീകരരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. ഇതിനിടെ ഭീകരര്‍ കാഷ്മീരിലെ ഒരു വീട്ടില്‍ അത്താഴത്തിന്റെ സമയത്ത് എത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.
പക്ഷെ വിവരം ലഭിച്ച് പോലീസും സൈന്യവുമൊക്കെ എത്തുന്നതിന് മുമ്പ് ഭീകരര്‍ ഭക്ഷണവുമായി കടന്നുകളഞ്ഞതായാണ് വിവരം. പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ആക്രമിച്ചതിന് ശേഷം അവിടെനിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ ഭീകരര്‍ കൊണ്ടുപോയിട്ടുണ്ട്.
Photo: X