സുരക്ഷാ പരിശോധന അല്ലാതെ മറ്റു നടപടികൾ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം മൈക്ക് സെറ്റും അനുബന്ധ ഉപകരണങ്ങളും ഇന്ന് തന്നെ തിരിച്ചു നൽകുമെന്ന് പോലീസ്
കൊച്ചി: ഉമ്മന്‍ചാണ്ടി അനുസ്മരണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് ഓഫായതിനെതിരെ സ്വമേധയാ കേസെടുത്തു. പൊതുസുരക്ഷയെ ബാധിക്കുംവിധം മൈക്കില്‍ മനഃപൂര്‍വം തകരാറുണ്ടാക്കിയെന്നാണ് കന്റോണ്‍മെന്റ് പോലീസ് തയ്യാറാക്കിയ എഫ്ഐആറിലുള്ളത്.
തിങ്കളാഴ്ച വൈകീട്ട് അയ്യങ്കാളി ഹാളില്‍ നടത്തിയ അനുസ്മരണ ചടങ്ങിനിടെ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയപ്പോഴാണ് അപശബ്ദത്തോടെ മൈക്ക് പണിമുടക്കിയത്. അതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു. തകരാര്‍ പരിഹരിച്ചശേഷം പ്രസംഗം തുടര്‍ന്നു.
മൈക്ക്് തകരാര്‍ സംബന്ധിച്ച് ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. ആരേയും പ്രതി ചേര്‍ത്തിട്ടുമില്ല. കേസെടുത്തതിനു പിന്നാലെ മൈക്കും ആംപ്ളിഫയറും പിടിച്ചെടുത്തു.
കേരള പോലീസ് ആക്ട് പ്രകാരം മന:പ്പൂര്‍വം പൊതുസുരക്ഷയില്‍ പരാജയപ്പെടുക, പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുക തുടങ്ങിയവയ്ക്കാണ് കേസ്.