യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ഇ.എം.എസ്: പിണറായിയെ വേദിയിലിരുത്തി വിമര്‍ശിച്ച് എം.ടി
തെറ്റുപറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഇവിടെ ഒരു മഹാരഥനും ഇല്ല എന്നും എം.ടി.വിമർശിച്ചു
പിണറായിക്കൊപ്പം റിയാസും വേദിയിലുണ്ടായിരുന്നു …… READ MORE
കൊച്ചി: പാർട്ടി നേതാക്കളും അണികളും സാഹിത്യകാരന്മാരും മറ്റു നിവർത്തികളില്ലാതെ പിണറായി സ്തുതി തുടരുന്നു എന്ന വിമർശനം ഏറ്റുവാങ്ങുന്ന സമയം സർവ്വാധിപത്യത്തിനെതിരെയും അധികാര ധാർഷ്ട്യത്തിനെതിരെയും പിണറായി വിജയനെ വേദിയിലിരുത്തി വിമർശിക്കുവാൻ നവതി കഴിഞ്ഞ് എഴുത്തുകാരൻ എംടി വാസുദേവൻ നായർ വേണ്ടി വന്നു .നേതൃപൂജകളില്‍ ഇ.എം.എസ് വിശ്വസിച്ചിരുന്നില്ലെന്നും ഇ.എം.എസാണ് യഥാര്‍ഥ കമ്യൂണിസ്റ്റെന്നും എം.ടി വാസുദേവന്‍ നായര്‍. അധികാരത്തിലുള്ളവര്‍ അത് ഉള്‍ക്കൊള്ളണം. അമിതാധികാരത്തിനെതിരെയായിരുന്നു എം.ടിയുടെ പരോക്ഷ വിമര്‍ശനം.
കെ എല്‍ എഫ് ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു എം.ടിയുടെ വിമര്‍ശനം. അധികാരം എന്നാല്‍ ആധിപത്യമോ, സര്‍വ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിനു എന്ന സിദ്ധാന്തം കുഴിച്ചുമൂടിയെന്നും എം ടി കുറ്റപ്പെടുത്തി. വിപ്ലവം നേടിയ ജനാവലി ആള്‍ക്കൂട്ടമായി മാറുന്നു. ഈ ആള്‍ക്കൂട്ടത്തെ, ആരാധകരും, പടയാളികളും ആക്കുന്ന പ്രവണതയാണ് കാണുന്നത്.
ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യം അല്ല സ്വാതന്ത്ര്യം എന്നും എം ടി ചൂണ്ടിക്കാണിച്ചു. ചടങ്ങിന്റെ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു എഴുതി തയ്യാറാക്കിയ പ്രസംഗത്തില്‍ ഇ.എം.എസിനെ മാതൃകയാക്കണമെന്ന് എം ടി തുറന്നടിച്ചത്.
‘ഇ. എം എസ് അധികാരം ഉപയോഗിച്ച് ജനങ്ങളെ ഉത്തരവാദിത്വമുള്ള സമൂഹമാക്കി, അധികാരം നേടിയതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യം പൂര്‍ത്തിയാക്കി എന്ന് അദ്ദേഹം കരുതിയില്ല, അതാണ് ഇ.എം.എസിനെ മഹാനായ നേതാവ് ആക്കിയത്. നേതൃപൂജകളില്‍ അദ്ദേഹത്തെ കാണാത്തതിന് കാരണവും അതുതന്നെ. നേതാവ് ഒരു നിമിത്തം അല്ല ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എന്ന് അധികാരത്തില്‍ ഉളളവര്‍ തിരിച്ചറിയണം’ എം.ടി പറഞ്ഞു.