കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ദുരൂഹതയെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍.ഒ.സി) പുറത്തുവിട്ടു.
സി.എം.ആര്‍.എല്ലില്‍ നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനിയില്ലെന്നും, എന്നാല്‍ വാങ്ങിയ പണത്തിന് ജി.എസ്.ടി അടച്ചെന്ന വിവരം എക്സാലോജിക് കൈമാറിയെന്നും, വിഷയം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിനു വിടാമെന്നും ബെംഗളൂരു ആര്‍.ഒ.സി റിപ്പോര്‍ട്ടില്‍ പറയുന്നു. എക്‌സാലോജിക്കിനെതിരെ അന്വേഷണം സി.ബി.ഐക്കോ ഇ.ഡിക്കോ വിടാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
സി.എം.ആര്‍.എല്ലുമായിയുളള കരാറിന്റെ വിശദാംശങ്ങള്‍ എക്സാലോജിക്ക് മറച്ചുവച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് സെക്ഷന്‍ 447, 448 പ്രകാരം നടപടിയെടുക്കാമെന്നും ആര്‍.ഒ.സി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന വകുപ്പുകളാണിത്.
അതേസമയം എക്സാലോജിക്കിനെതിരെ കേന്ദ്ര എജന്‍സിയുടെ അന്വേഷണം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റേതായിരുന്നു ഉത്തരവ്. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.