തൃശൂര്‍: കെ.എസ്.ആര്‍.ടി.സി ലോഫ്‌ളോര്‍ ബസിടിച്ച് തകര്‍ന്ന ശക്തന്‍തമ്പുരാന്റെ പ്രതിമ പുനര്‍നിര്‍മ്മാണത്തിനായി കൊണ്ടുപോയി. ശില്‍പിയുടെ നേതൃത്വത്തില്‍ പ്രതിമ തിരുവനന്തപുരത്ത് പാപ്പനംകോട് സിഡ്‌കൊ വ്യവസായ പാര്‍ക്കിലേക്കാണ് എത്തിക്കുക. മന്ത്രി കെ.രാജന്‍, പി.ബാലചന്ദ്രന്‍ എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രതിമ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. വലിയ ക്രെയിന്‍ ഉപയോഗിച്ചായിരുന്നു പ്രതിമ ലോറിയിലേക്ക് കയറ്റിയത്.
തിരുവനന്തപുരത്ത് സിഡ്‌കോയില്‍ വെച്ചാണ് ശില്‍പി കുന്നുവിള എം.മുരളിയുടെ നേതൃത്വത്തില്‍ പ്രതിമ പുനര്‍നിര്‍മ്മിക്കുന്നത്.
ശക്തന്‍ തമ്പുരാന്റ പ്രതിമ രണ്ടു മാസത്തിനകം പുനര്‍നിര്‍മ്മിച്ച് ശക്തന്‍നഗറില്‍ പുന:സ്ഥാപിക്കുമെന്ന് റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചു.
പുനര്‍നിര്‍മ്മാണത്തിന്റെ പകുതി ചെലവ് ഗതാഗതവകുപ്പ് വഹിക്കാമെന്ന് മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. പകുതി ചെലവ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് മന്ത്രിയോടൊപ്പമുണ്ടായിരുന്ന പി.ബാലചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.
പ്രതിമ നിര്‍മ്മിച്ച ശില്‍പി കുന്നുവിള എം.മുരളിയുടെ നേതൃത്വത്തില്‍ത്തന്നെയാണ് പ്രതിമ പുനഃനിര്‍മ്മിക്കുന്നത്. ശില്‍പ്പിയുടെ പ്രാവീണ്യവും മുന്‍പരിചയവും ശക്തന്‍ തമ്പുരാനെക്കുറിച്ചുള്ള അറിവുമാണ് കുന്നുവിള എം.മുരളി തന്നെ മതി പ്രതിമ പുന:നിര്‍മ്മിക്കാന്‍ എന്ന തീരുമാനത്തിലെത്തിച്ചത്.