തൃശൂര്‍: കേരള പോലീസിനിപ്പോള്‍ ജനകീയ മുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തൃശൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 എ ബാച്ചിലെ 141 സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡിനെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും മികച്ച പോലീസ് സേനകളിലൊന്നായി കേരള പോലീസ് മാറി. ദുരന്തങ്ങളിലും, അപകടങ്ങളിലും വിഷമതകളിലും ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന വിഭാഗമായി പോലീസ് മാറിക്കഴിഞ്ഞു .പോലീസിന് മുന്‍പ് ഇരുണ്ടകാലത്തിന്റെ ചരിത്രമുണ്ടായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സ്വാധീനമായിരുന്നു കാരണം. തൊഴിലാളി സമരങ്ങളെ കടുത്ത മര്‍ദ്ദനമുറകള്‍ കൊണ്ട് നേരിട്ടു. രാത്രിയില്‍ ലോക്കപ്പില്‍ കിടക്കുന്നവരെ ജാമ്യത്തില്‍ വിട്ടുവെന്ന് തെറ്റിദ്ധരിപ്പിച്ച് പുറത്ത് കൊണ്ടുപോയി വെടിവെച്ചുകൊന്ന ചരിത്രവും പോലീസിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ സമരങ്ങളെ സമാധാനപരമായി നേരിടേണ്ടതുണ്ടെന്ന് വ്യക്തമാക്കി ആദ്യ ഉത്തരവിറക്കിയത് 1957-ലെ ഇ.എം.എസ് സര്‍ക്കാരായിരുന്നു. തൊഴിലാളികളും മറ്റും നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്താന്‍ വൈപ്രാളം കാട്ടുന്നവരില്‍ ഇപ്പോഴും പോലീസിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.